KERALA

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി

തീപന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു, പൊലീസിൻ്റെ ഉപകരണങ്ങൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ 28 പേർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തീപന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു, പൊലീസിൻ്റെ ഉപകരണങ്ങൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല ഉൾപ്പെടേയുള്ള നേതാക്കളെയടക്കം പ്രതി ചേർത്താണ് കേസെടുത്തത്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയുടെ ജനകീയ പ്രതിഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടേതെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാർച്ച് സംഘടിപ്പിച്ചത്.

പന്തം കൊളുത്തി പ്രതിഷേധത്തിനിടെ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ പന്തം വലിച്ചെറിഞ്ഞു. സര്‍ക്കാര്‍ അനുകൂല ഫ്ലക്സ് ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തമെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ വനിത പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.

SCROLL FOR NEXT