ഒപ്പന മത്സരത്തിൽ നിന്നും Source: News Malayalam 24x7
KERALA

കൗമാര കലാമാമാങ്കത്തിൻ്റെ ആരവത്തിൽ ശക്തൻ്റെ തട്ടകം; ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടവുമായി കണ്ണൂരും കോഴിക്കോടും

130 പോയിൻ്റാണ് ഇരു ജില്ലകൾക്കും

Author : പ്രണീത എന്‍.ഇ

തൃശൂർ: തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, ആദ്യ ദിനത്തിലെ ഫലങ്ങൾ പുറത്തുവന്നു. കോഴിക്കോടും കണ്ണൂരുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 130 പോയിൻ്റാണ് ഇരു ജില്ലകൾക്കും. 126 പോയിന്റുമായി തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും പങ്കിടുന്നുണ്ട്. 121 പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസർകോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട, ഇടുക്കി 101 എന്നിങ്ങനെയാണ് മറ്റ് പോയിന്റ് നിലകൾ.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളയ്ക്ക് മുഖ്യമന്ത്രി തിരിതെളിയിച്ചതോടെ അരങ്ങുണർന്നു. ഗാനരചയിതാവ് ബി. ഹരിനാരായണൻ പ്രത്യേകം ചിട്ടപ്പെടുത്തിയ കലോത്സവ സ്വാഗത ഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ നൃത്ത ആവിഷ്കാരമായി. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം സ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി അസഹിഷ്ണുത വാദികൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം.

അപ്പീലുകൾ ഏറ്റവും കുറഞ്ഞ കലാമേളയാവട്ടെ ഇതെന്നായിരുന്നു മുഖ്യാതിഥിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആശംസ.രാഷ്ട്രീയ വിവാദത്തിന് മറുപടി പറയാനുള്ള വേദിയല്ല ഇതെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു. പ്രൗഢഗംഭീരമായ ഉദ്‌ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, ചലച്ചിത്ര താരം റിയ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തിയതോടെയായിരുന്നു കലോത്സവത്തിന് തുടക്കമായത്.

പിന്നാലെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ ചെറുപൂരം ഒരുക്കിയാണ് കുരുന്നുകളെ സാംസ്കാരിക നഗരി വരവേറ്റത്. പൂക്കളുടെ പേരിട്ടിരിക്കുന്ന ഇരുപത്തിയഞ്ച് വേദികളിൽ പതിനയ്യായിരത്തോളം പ്രതിഭകളാണ് കലാമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്

ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായി ഇനിയുള്ള അഞ്ച് ദിവസം കേരളത്തിലെ കൗമാര പ്രതിഭകളുടെ മത്സരാവേശം കാണാം. പൂക്കളുടെ പേരുകളുള്ള 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.

SCROLL FOR NEXT