എസ്എഫ്ഐ വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ രാജ് ഭവൻ മാർച്ചിൽ പൊലീസ് ബാരിക്കേഡ് നീക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ Source: News Malayalam 24x7
KERALA

പ്രതിഷേധച്ചൂടറിഞ്ഞ് ഗവർണർ; SFIയുടെ രാജ് ഭവൻ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം; കേരള സർവകലാശാലയിലെ DYFI, AISF മാർച്ചുകളും സംഘർഷഭരിതം

അതേസമയം, സർവകലാശാലയിലെ തുടർ പ്രതിഷേധങ്ങളിൽ പ്രതികരിക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി.

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ വിവാദത്തിൽ ഇടതു സർക്കാരും ഗവർണറും രണ്ട് തട്ടിലായതിന് പിന്നാലെ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ച് ഇടതു യുവജനസംഘടനകൾ. കേരള സർവകലാശാലാ ആസ്ഥാനം ഇന്നും യുദ്ധക്കളമായി. അതേസമയം, സർവകലാശാലയിലെ തുടർ പ്രതിഷേധങ്ങളിൽ പ്രതികരിക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി.

എസ്എഫ്ഐ പ്രവർത്തകർ രാജ്‌ഭവന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ റാലിയും അക്രമാസക്തമായി. റാലി പ്രധാന റോഡിൽ വെച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞു പോകാതെ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഇവിടെ തന്നെ തുടരുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെ സർവകലാശാലാ ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ, എഐഎസ്എഫും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിലേക്ക് വഴിമാറി. പൊലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ ഇവർ പൊലീസിനെതിരെ തിരിഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുതൽ വൻ പൊലീസ് സന്നാഹമാണ് സർവകലാശാലയിൽ നിലയുറപ്പിച്ചിരുന്നത്.

ആദ്യം പ്രതിഷേധവുമായെത്തിയത് എഐഎസ്എഫ് പ്രവർത്തകരായിരുന്നു. പൊലീസ് റാലിയെ തടയാൻ ശ്രമിച്ചതോടെ ഇതു തുറന്ന സംഘർഷത്തിലേക്ക് വഴിമാറി. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാതെ എഐഎസ്എഫ് പ്രവർത്തകർ അവിടെ തന്നെ തമ്പടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകർ സർവകലാശാലയുടെ പുറത്തായിരുന്നു ആദ്യ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ വിവാദത്തിൽ പ്രതിഷേധങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

കോഴിക്കോട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. റാലി പൊലീസ് തടഞ്ഞതോടെ ഇതും സംഘർഷത്തിലേക്ക് വഴിമാറി.

SCROLL FOR NEXT