ലിൻ്റോ ജോസഫ് എംഎൽഎ Source: facebook
KERALA

"ലീഗുകാർ ഓർക്കുക, ലിൻ്റോയ്ക്ക് അല്‍പം വേഗത കുറഞ്ഞിട്ടുണ്ടാകാം, പക്ഷേ മനുഷ്യസ്‌നേഹത്തിന് ആഴം കൂടിയിട്ടേയുള്ളൂ"; കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്

"രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സൂക്ഷിച്ചുപോരുന്ന സഹജീവി സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളമായാണ് ലിൻ്റോക്ക് ഇന്ന് അൽപ്പം വേഗത കുറഞ്ഞുപോയത്"

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലിൻ്റോ ജോസഫ് എംഎൽഎക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം നേതാവ് കെ.കെ. ശൈലജ. വാഹനാപകടത്തിന് പിന്നാലെ കാലിന് സ്വാധീനം കുറഞ്ഞ ലിൻ്റോ ജോസഫ് എംഎൽഎയെ വികാലാംഗനെന്ന് വിളിച്ച മുസ്ലീം ലീഗ് പ്രവർത്തകനെതിരെയാണ് കെ.കെ. ശൈലജയുടെ പോസ്റ്റ്. വേട്ടമൃഗത്തിന്റെ വൈരാഗ്യത്തോടെ എതിരാളികളെ നോക്കി കാണുന്ന, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രവര്‍ത്തിക്കുമെന്ന മനോഭാവമുള്ള ഒരു കൂട്ടത്തിന്റെ വക്താവെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകനെക്കുറിച്ച് കെ.കെ. ശൈലജ കുറിച്ചിരിക്കുന്നത്.

മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന കായിക താരം കൂടിയായിരുന്നു പണ്ട് ലിൻ്റോ ജോസഫ് എന്ന് കെ.കെ. ശൈലജ കുറിപ്പിൽ പറയുന്നു. രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സൂക്ഷിച്ചുപോരുന്ന സഹജീവി സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളമായാണ് ലിൻ്റോക്ക് ഇന്ന് അൽപ്പം വേഗത കുറഞ്ഞുപോയത്.

"ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരിക്കെ ഒരു പെരുന്നാള്‍ ദിനത്തില്‍ അതീവ ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ സമയോചിതമായി ഇടപെട്ട് ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ സഖാവിന് ആ യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് കാലിന് സ്വാധീനം നഷ്ടപ്പെടുന്നത്. തന്റെ സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്നും നടത്തിയ ഇടപെടലിന്റെ അടയാളമാണ് ആ മുറിപ്പാടുകള്‍," കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

ലീഗുകാര്‍ ഓര്‍ക്കുക ലിന്റോയ്ക്ക് അല്‍പ്പം വേഗത കുറഞ്ഞിട്ടുണ്ടാവാം പക്ഷെ അവന്റെ രാഷ്ട്രീയത്തില്‍ മനുഷ്യ സ്‌നേഹത്തിനും അപരനോടുള്ള പരിഗണനയ്ക്കും എന്നും ആഴം കൂടിയിട്ടേ ഉള്ളു. രാഷ്ട്രീയ വൈരം മാറ്റിവച്ചാല്‍ ലിന്റോ കാണിച്ചുതന്ന ആ മനുഷ്യ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനേ കേരളത്തിന് കഴിയൂ- ഇങ്ങനെ കുറിച്ചാണ് കെ.കെ. ശൈലജ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.കെ. ശൈലജയുടെ കുറിപ്പിൻ്റെ പൂർണ രൂപം

സഖാവ് ലിന്റോ ജോസഫ് എംഎല്‍എയെ അധിക്ഷേപിച്ചുകൊണ്ട് ലീഗ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ എഴുതിയ ഒരു കമന്റ് ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കുമപ്പുറം വേട്ടമൃഗത്തിന്റെ വൈരാഗ്യത്തോടെ എതിരാളികളെ നോക്കി കാണുകയും വിയോജുപ്പുകള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചും പ്രവര്‍ത്തിക്കുമെന്ന മനോഭാവമുള്ള ഒരു കൂട്ടത്തിന്റെ വക്താവാണ് സഖാവിനെതിരെ ഇത്രയും നീചമായ പരാമര്‍ശം നടത്തിയിട്ടുള്ളത്.

സഖാവ് ലിന്റോ ഞങ്ങളുടെയെല്ലാം അഭിമാനമാണ് ഒരു കാലത്ത് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ചടുലമായ വേഗം കൊണ്ട് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്നൊരു കായിക താരമായിരുന്ന സഖാവ് ലിന്റോയ്ക്ക് ഇന്ന് അല്‍പം വേഗം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായി വന്നുപോയതല്ല. രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സൂക്ഷിച്ചുപോരുന്ന സഹജീവി സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളമാണ്.

പരിഹാസവുമായി ഇറങ്ങിയവര്‍ക്ക് മനസിലാക്കാന്‍ വേണ്ടി ഇതുകൂടി പറയാം ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരിക്കെ ഒരു പെരുന്നാള്‍ ദിനത്തില്‍ അതീവ ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ സമയോചിതമായി ഇടപെട്ട് ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ സഖാവിന് ആ യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് കാലിന് സ്വാധീനം നഷ്ടപ്പെടുന്നത്.

തന്റെ സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്നും നടത്തിയ ഇടപെടലിന്റെ അടയാളമാണ് ആ മുറിപ്പാടുകള്‍. അതുകൊണ്ട് ലീഗുകാര്‍ ഓര്‍ക്കുക ലിന്റോയ്ക്ക് അല്‍പം വേഗത കുറഞ്ഞിട്ടുണ്ടാവാം പക്ഷെ അവന്റെ രാഷ്ട്രീയത്തില്‍ മനുഷ്യ സ്‌നേഹത്തിനും അപരനോടുള്ള പരിഗണനയ്ക്കും എന്നും ആഴം കൂടിയിട്ടേ ഉള്ളു രാഷ്ട്രീയ വൈരം മാറ്റിവച്ചാല്‍ ലിന്റോ കാണിച്ചുതന്ന ആ മനുഷ്യ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനേ കേരളത്തിന് കഴിയു.

SCROLL FOR NEXT