തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ വിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. സജി ചെറിയാൻ്റെ പരാമർശം പാർട്ടിക്ക് ക്ഷീണമായെന്നാണ് വിമർശനം. നേതാക്കള്‍ വിവാദത്തിൽപ്പെടരുതെന്നും പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയ്ക്ക് സമാനമായവ പാര്‍ട്ടി തളളിക്കളയുമെന്നാണ് എം.വി. ഗോവിന്ദന്‍റെ മുന്നറിയിപ്പ്. സജി ചെറിയാന്റെയും എ.കെ ബാലന്റെയും പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം.
സിപിഐഎം നിർദേശത്തെ തുടർന്ന് പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. വാർത്താ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. 42 വർഷത്തെ പൊതുജീവിതത്തിൽ ഒരു വർഗീയതയോടും സമരസപ്പെട്ടിട്ടില്ല. തൻ്റെ പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കി എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞത്.