കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ് Source: News Malayalam 24x7
KERALA

അമ്മ നാളെ എത്തും; മിഥുന് വിട നല്‍കാനൊരുങ്ങി നാടും കൂട്ടുകാരും

രാവിലെ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ട് വളപ്പിലായിരിക്കും സംസ്കാരം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കരയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം നാളെ നടക്കും. വിദേശത്തുള്ള മിഥുന്റെ അമ്മ നാളെ നാട്ടിലെത്തും. രാവിലെ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ട് വളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂളിലും മിഥുന്റെ വീട്ടിലും ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി. .മൂന്ന് ലക്ഷം രൂപ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക സഹായം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് മന്ത്രിമാരായ വി.ശിവന്‍ കുട്ടി, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ സ്‌കൂളിലെത്തിയത്. മിഥുന്റെ ക്ലാസ് മുറിയും, അപകടം വരുത്തി വച്ച ഷെഡും മന്ത്രിമാര്‍ പരിശോധിച്ചു.

അപകടത്തെ കുറിച്ച് മൂന്ന് അന്വേഷണം നടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ റിപ്പോര്‍ട്ടും, പൊലീസ് റിപ്പോര്‍ട്ടും വന്നാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ സ്‌കൂളിലെ പ്രധാന അധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. പ്രധാനാധ്യാപിക എസ്. സുജയായാണ് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറി.

സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസും കൈമാറി. അതേസമയം കെട്ടിടങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ പകര്‍പ്പും പുറത്ത് വന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണിത്. പഞ്ചായത്തിന്റെ വീഴ്ച കൂടി പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വന്നത്.

തേവലക്കരയിലേക്കുള്ള യാത്രക്കിടെ മന്ത്രിക്ക് നേരെ ആര്‍.വൈ.എഫ്.പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടി. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പാലക്കാട് ഓഫീസിലെക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ തേവലക്കര സ്‌കൂളിലേക്കും പ്രതിഷേധ മാര്‍ച്ചുമായെത്തി.

അപകടത്തിന് പിന്നാലെ ഇന്നലെ മന്ത്രി ചിഞ്ചുറാണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഐ വിശദീകരണം തേടി. പ്രതികരണം തെറ്റായിപ്പോയെന്നും നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഇന്നലത്തെ പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. അധ്യാപകരുടെ തെറ്റല്ല, സഹപാഠികളടക്കം കയറരുതെന്ന് പറഞ്ഞിട്ടും ആ കുട്ടി ഷീറ്റിന് മുകളില്‍ കയറുകയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT