കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിന്ദുവിൻ്റെ മകന് സർക്കാർ ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനെമെടുത്തു.
സർക്കാർ കാര്യങ്ങൾ മുറപോലെ നടക്കുന്നു. തരാമെന്ന് പറഞ്ഞതൊക്കെ തന്നുവെന്നായിരുന്നു ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ്റെ പ്രതികരണം. മകളുടെ ആരോഗ്യം മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്. അവളുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ചികിത്സ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും വിശ്രുതൻ കൂട്ടിച്ചേർത്തു.
കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ വീട് സന്ദർശിച്ച വേളയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് കുടുംബത്തിൻ്റെ ആവശ്യങ്ങളൊക്കെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ ചേർന്ന മന്ത്രിസഭാ തീരുമാനത്തിലാണ് ധനസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
കഴിഞ്ഞ ദിവസം ബിന്ദുവിൻ്റെ മകളുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് അറിച്ചതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ അടിയന്തര ധനസഹായം കൈമാറിയിരുന്നു. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്ത്രി അടിയന്തര ധനസഹായമായി 50,000 രൂപയാണ് കൈമാറിയത്. കുടുംബത്തിനുള്ള സഹായങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകളുടെ സർജറിക്കായി എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.
ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. മെഡിക്കൽ കോളേജിലെ അപകടം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിന്ദുവിൻ്റെ മരണം ദുരഭിമാനക്കൊലയാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്.
ആരോഗ്യ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ബിന്ദുവിനെ ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, എന്നാൽ, ആരോഗ്യമന്ത്രിയുടെ അനാസ്ഥ മൂലം താഴെ വീണാണ് ബിന്ദു മരിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കേരളത്തിൽ സർക്കാരില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണാ ജോർജ് രാജിവെക്കണം എന്നായിരുന്നു യുഡിഎഫ് പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യം.
മരണത്തിന് ഉത്തരവാദി സർക്കാറാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കൊടിയ അനാസ്ഥയാണ് ആശുപത്രിയിൽ ഉണ്ടായതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവൻ അപകടാവസ്ഥയിലാക്കിയ ആരോഗ്യ മന്ത്രി പദവിയിൽ തുടരാൻ പാടില്ലെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
അതേസമയം, ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട് സന്ദർശിക്കാൻ വൈകിയതിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മന്ത്രി വരാത്തതിൽ പരിഭവം ഇല്ലെന്നായിരുന്നു ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ്റെ പ്രതികരണം. കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ വീണാ ജോർജ് കഴിഞ്ഞ ദിവസം ബിന്ദുവിൻ്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബത്തിനോടൊപ്പം സർക്കാർ ഉണ്ടാകുമെന്ന് പറഞ്ഞ മന്ത്രി, വീട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
എന്നാൽ പകൽവെളിച്ചത്തിൽ ബിന്ദുവിൻ്റെ വീട് സന്ദർശിക്കാൻ ബിന്ദുവിന് ധൈര്യം ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ 7 മണിയൊക്കെ ഞങ്ങളുടെ നാട്ടിൽ പകലാണെന്നും, മറ്റ് സ്ഥലങ്ങളിൽ അങ്ങനെ തന്നെ ആണോ എന്നത് തനിക്ക് അറിയില്ലാ എന്നുമായിരുന്നു മന്ത്രി മറുപടി പറഞ്ഞത്.