പത്തനംതിട്ട: കോഴഞ്ചേരി പാലം നിർമാണം യുഡിഎഫ് സർക്കാർ അനുമതി നൽകിയതാണെന്നത് തെറ്റായ പ്രചരണമാണെന്നും, ഇത്തരം വ്യാജപ്രചരണം നടത്തുന്ന ആറന്മുള എംഎൽഎ അബിൻ വർക്കി മാപ്പ് പറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്താണ് പാലം നിർമാണം പൂർത്തിയായതെന്നും ഉദ്ഘാടനം മാത്രമാണ് ഇപ്പോൾ നടക്കാൻ പോകുന്നതെന്നും വീണാ ജോർജ് പറഞ്ഞു. നീണ്ട കോടതി വ്യവഹാരവും പ്രതികൂല കാലാവസ്ഥയുമാണ് പാലം നിർമാണം എട്ട് വർഷത്തിലേക്ക് എത്തിച്ചതെന്നും വീണാ ജോർജ് വ്യക്തമാക്കി.
ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്നതു കൊണ്ടാണ് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഫേസ്ബുക്കിൽ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കിയതെന്നും ആറന്മുളയിലെ മുൻ എംഎൽഎ വിശദീകരിച്ചു. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അൽപ്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
കോഴഞ്ചേരിയിൽ പുതിയ പാലം നാടിന്റെ ചിരകാല സ്വപ്നമായിരുന്നു. നിർമ്മാണം പൂർത്തിയായി ഏറെ നാളുകൾക്ക് ശേഷം, ആ സ്വപ്നപാത ഒടുവിൽ പൊതുസമൂഹത്തിനായി തുറന്നുകൊടുക്കുമ്പോൾ, ഇത് യാഥാർത്ഥ്യമാക്കാൻ നടന്ന കഠിനാധ്വാനത്തിന്റെയും നിയമപോരാട്ടങ്ങളുടെയും തീക്ഷ്ണമായ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.
പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഇവിടെ കുറിക്കട്ടെ.
ഞാൻ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ എന്റെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ബഹു..ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി (KIIFB) വഴിയാണ് ഇതിനായി പണം അനുവദിച്ചത്. (കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുൻപ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണ് എന്ന് ഓർക്കുന്നില്ലല്ലോ!).
പാലത്തിന്റെ നാൾവഴികളും ഔദ്യോഗിക ഉത്തരവുകളും വ്യക്തമാണ്:
ഭരണാനുമതി നൽകിയ തീയതി: 31/10/2016
സർക്കാർ ഉത്തരവ്: GO (Rt) No. 1496/2016/PWD (തീയതി: 31/10/2016)
അനുവദിച്ച തുക: 22.02 കോടി രൂപ
സാമ്പത്തിക അനുമതി നൽകിയ തീയതി: 21/08/2017
ഉത്തരവ്: APR-1/76/2017/KIIFB (തീയതി: 21/08/2017)
അനുവദിച്ച തുക: 19.77 കോടി രൂപ
2018-ൽ ഒന്നാം പിണറായി സർക്കാരിലെ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
തറക്കല്ലിട്ടത് മുതൽ പൂർത്തീകരണം വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല; പ്രതിസന്ധികളുടെ കടമ്പകൾ അനേകമായിരുന്നു. 2018-ലെ മഹാപ്രളയം, തുടർന്നുള്ള ഓരോ വർഷത്തെയും കനത്ത മഴയും വെള്ളപ്പൊക്കവും, നിർമ്മാണ പ്രവർത്തനങ്ങളെ രണ്ട് വർഷത്തോളം സ്തംഭിപ്പിച്ച കോവിഡ് മഹാമാരി , ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ കേസ്, മാരാമൺ കരയിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ, വണ്ടിപ്പേട്ടയിലെ സ്ഥലവും പഞ്ചായത്തുമായുള്ള കേസുകളിൽ നിർമ്മാണം തടസ്സപ്പെടുത്തിയ കോടതി സ്റ്റേകൾ - അങ്ങനെ പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ നിർമ്മാണം അവസാനിപ്പിച്ചപ്പോൾ 6 തവണ റീടെണ്ടർ നടപടികളിലൂടെ കടന്നുപോകേണ്ടി വന്നു.
എന്നാൽ, തളരാതെ ഓരോ പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിച്ചു. സ്ഥലമേറ്റെടുപ്പ് യാഥാർത്ഥ്യമാക്കി; പോസ്റ്റ് ഓഫീസിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും പരിഹരിച്ചു.പണം നൽകിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 2023–24 കാലയളവിൽ പൂർത്തിയാക്കി. 2024 ജനുവരി മാസത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി , ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറി. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. (2024 ജനുവരിയിൽ തന്നെ പൂർത്തിയായ സ്ഥലമേറ്റെടുപ്പ്, ഇപ്പോൾ ഈ നാല് മാസത്തിനുള്ളിൽ നടത്തിയതാണ് എന്ന് പറയാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്!).
പാലത്തിന് ഏത് നിറത്തിലുള്ള പെയിന്റ് നൽകണമെന്ന് വരെ തീരുമാനിച്ച്, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലത്തിന്റെ പണികൾ പൂർത്തിയാക്കി വൈറ്റ് വാഷ് ചെയ്യുന്ന പ്രവൃത്തികളും ആരംഭിച്ചിരുന്നു.
കോഴഞ്ചേരിയിൽ പുതിയ പാലം അനുവദിച്ച വിവരം പങ്കുവെച്ചപ്പോൾ മാരാമൺ കരയിലെ വീട്ടിൽ ഉണ്ടായിരുന്ന ഭാഗ്യസ്മരണാർഹനായ ക്രിസോസ്റ്റം തിരുമേനിയുടെ മുഖത്ത് വിരിഞ്ഞ ആ വാത്സല്യപൂർണ്ണമായ പുഞ്ചിരി ഇന്നും മനസ്സിൽ മായാതെയുണ്ട്. പാലത്തിന് ഫണ്ട് അനുവദിപ്പിക്കുന്നത് മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള ഈ നീണ്ട യാത്രയിൽ ഒപ്പം നിന്ന ഓരോരുത്തരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു.2018-ലെ മഹാപ്രളയത്തിൽ നിർമ്മാണ സാമഗ്രികളെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ, നിർമ്മാണത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൈമെയ് മറന്ന് സൗകര്യമൊരുക്കിയവർ മുതൽ, ഏറ്റവും ഒടുവിൽ കുത്തിയൊഴുകുന്ന പമ്പയാറ്റിൽ ലോറി താഴ്ന്നുപോയപ്പോൾ പാതിരാത്രിയിലും പുലർച്ചെയും ഒപ്പം ഇറങ്ങി നിന്ന് ലോറി ഒഴുക്കിൽപ്പെടാതെ വലിച്ചുകയറ്റാൻ ശ്രമിച്ചവർ വരെ—പ്രിയപ്പെട്ടവരായ എല്ലാ നല്ല മനുഷ്യരെയും സ്നേഹത്തോടെ ഓർക്കുന്നു. ആ ഓർമ്മകൾ നൽകുന്നത് വലിയ സന്തോഷവും അഭിമാനവുമാണ്.
ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഈ യാഥാർത്ഥ്യങ്ങൾ ഇവിടെ വ്യക്തമാക്കിയത്. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം