കുറ്റിക്കാട്ടൂർ: കോഴിക്കോട് കുറ്റിക്കാട്ടൂരും പൊലീസ് ക്രൂരതയില്‍ നടപടിയില്ല. മുസ്ലീം ലീഗ് നേതാവിന്റെ മുഖത്തടിച്ച സംഭവത്തിലാണ് പരാതി നല്‍കിയിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത്. കുറ്റിക്കാട്ടൂര്‍ സ്വദേശി മാമുക്കോയക്കാണ് പൊലീസിൻ്റെ മര്‍ദനമേറ്റത്.
2023 ഡിസംബര്‍ 23നാണ് മാമുക്കോയയ്ക്ക് പൊലീസില്‍ നിന്ന് മുഖത്തടിയേറ്റത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തന്റെ മുഖത്തടിച്ചത് അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശനൻ ആണെന്നാണ് മാമുക്കോയയുടെ പരാതി. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് പൊലീസിന്റെ കസ്റ്റഡി അതിക്രമ വാര്‍ത്തകള്‍ വീണ്ടും സജീവമായത്. നേരത്തെ തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ ഉടമയെയും മകനെയും പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
2023 മെയ് 24ന് പീച്ചി എസ്‌ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഔസേപ്പിനെയും മകന്‍ പോള്‍ ജോസഫിനെയും സ്റ്റേഷനില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തത്.
ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വിവരാകാശ പ്രകാരം ദൃശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. അതേസമയം മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.
അതേസമയം കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിഎസ് സുജിത്തിനെ മര്‍ദിച്ച കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തുവന്നിരുന്നു.