Source: News Malayalam 24X7
KERALA

"ശശി തരൂർ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്": എം. ലിജു

സംസ്ഥാനത്തെ കടക്കെണിയിൽ താഴ്ത്തുകയാണെന്നും, ഇത് കബളിക്കൽ ബജറ്റ് ആണെന്നും ലിജു ആരോപിച്ചു

Author : ശാലിനി രഘുനന്ദനൻ

ആലപ്പുഴ: ശശി തരൂർ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു. അനുനയ ചർച്ച നടത്തിയത് കോൺഗ്രസിൽ തരൂരിന് വലിയ പ്രാധാന്യം ഉള്ളതുകൊണ്ടാണെന്നും ലിജു ഹലോ മലയാളം ലീഡേഴ്സ് മോണിംഗിൽ പറഞ്ഞു. തരൂർ രാജ്യത്തെ തന്നെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. കോൺഗ്രസിൽ അദ്ദേഹത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത തരൂർ എ ഐ സി സിയെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ എം. ലിജു കെപിസിസി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് ആത്മാർഥതയില്ലെന്നും എം. ലിജു ആരോപിച്ചു. ശമ്പള പരിഷ്കരണ കമ്മീഷനെ നേരത്തെ നിയമിക്കാമായിരുന്നു. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിൽ 38 ശതമാനം മാത്രമാണ് വിനിയോഗിച്ചത്.ണ്ടും പുതിയ പ്രഖ്യാപനം നടത്തുന്നു. പുകമറ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ കടക്കെണിയിൽ താഴ്ത്തുകയാണെന്നും, ഇത് കബളിക്കൽ ബജറ്റ് ആണെന്നും ലിജു ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥ സമൂഹത്തോട് മറുപടി പറയേണ്ടി വരുമെന്ന് സർക്കാറിന് അറിയാം, അതുകൊണ്ടാണ് ഇപ്പോൾ പ്രഖ്യാപനം നടത്തിയത്. വരുമാനം വർധിപ്പിക്കാനുള്ള കാഴ്ചപ്പാടോടെ അല്ല ബജറ്റ്. സർക്കാരിന്റെ മുൻഗണനാ ക്രമങ്ങളിൽ വീഴ്ചയുണ്ട്.സർക്കാരിന്റെ ഫിനാൻഷ്യൽ മാനേജ്മെൻ്റും മോശമാണ്. സംസ്ഥാനത്തെ പൊതുകടം കൂടിയെന്നും എം.ലിജു ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ ഇനി ചർച്ചയല്ല നടപടിയാണ് ആവശ്യമെന്നും എം. ലിജു ഹലോ മലയാളത്തിൽ പറഞ്ഞു.

SCROLL FOR NEXT