പി മുഹമ്മദ് ഷമ്മാസ്, പി.എസ്. സഞ്ജീവ് Source: Facebook
KERALA

"സഞ്ജീവിന്റേത് സർട്ടിഫൈഡ് വർഗീയവാദിയുടെ പ്രസ്താവന"; വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണെന്നായിരുന്നു എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റേത് സർട്ടിഫൈഡ് വർഗീയവാദിയുടേത് പോലുള്ള പ്രസ്താവനയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമ്മാസ്. ആർഎസ്എസിനെക്കാൾ വലിയ വർഗീയ വാദികളായി എസ്എഫ്ഐ മാറിയെന്ന് കെഎസ്‌യു നേതാവ് ആരോപിച്ചു.

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണെന്നും എംഎസ്‌എഫ് കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയവാദി സംഘടനയാണെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം. സഞ്ജീവിനെതിരെ കെഎസ്‍‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വിവരക്കേടാണെന്നായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. പി.എസ്. സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം.

സംഘപരിവാറിൻ്റെ പ്രസ്താവനയ്ക്ക് സമാനമാണ് എസ്എഫ്ഐയുടെ പ്രസ്താവന. ഞഞ്ഞാ പിഞ്ഞാ വർത്തമാനം നിർത്തിയില്ലെങ്കിൽ ശശികല ടീച്ചറുടെ പിന്മുറക്കാരനായി കാലം മുദ്ര കുത്തുമെന്നും അലോഷ്യസ് സേവ്യർ വിമർശനമുന്നയിച്ചു. ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പി.എസ്. സഞ്ജീവ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നും അലോഷ്യസ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

അതേസമയം, ശശികലയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി.എസ് സഞ്ജീവും രംഗത്തെത്തി. കേരളത്തിൻ്റെ തെരുവിൽ രാജവെമ്പാലയ്ക്ക് ഭീഷണിയായി മാറിയ വിശകലയുടെ ശ്രദ്ധയ്ക്ക് എന്നാണ് കുറിപ്പ് തുടങ്ങുന്നത്. ഇരു വർഗീയവാദങ്ങളും തുലയും വരെ സമരം തുടരും. ഹിന്ദുത്വ വർഗീയത തന്നെയാണ് തങ്ങളുടെ ഒന്നാമത്തെ ശത്രുവെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

SCROLL FOR NEXT