തിരുവനന്തപുരം: സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ചോർന്നതിന് പിന്നിൽ എം.വി. ഗോവിന്ദൻ്റെ മകൻ ശ്യാമെന്ന് പരാതിക്കാരൻ ഷർഷാദ്. പരാതി ചോരാനുള്ള ഒരേ ഒരു മാർഗം ശ്യാം മാത്രമാണ്. രാജേഷ് കൃഷ്ണയുടെ ഭീഷണിക്ക് വഴങ്ങിയാവും ശ്യാം കത്ത് ചോർത്തിയത്.
ശ്യാമിൻ്റെ ചില കാര്യങ്ങൾ രാജേഷിന്റെ കയ്യിലുണ്ട്. എം. വി. ഗോവിന്ദൻ്റെ പാർട്ടി സെക്രട്ടറി സ്ഥാനം നഷ്ടമാകുമെന്ന് കരുതി ശ്യാം ചെയ്തതാവാം. രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട പരാതികൾ മദ്രാസിൽ വെച്ച് എം. വി. ഗോവിന്ദനോട് പറഞ്ഞിരുന്നു.പിന്നീട് എകെജി സെൻ്ററിൽ എത്തിയപ്പോൾ കാണാൻ തയ്യാറായില്ലെന്നും ഷർഷാദ് പറഞ്ഞു.
രാജേഷ് കൃഷ്ണയ്ക്ക് എതിരെയായിരുന്നു ഷർഷാദ് പരാതി നൽകിയത്. സിപിഐഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. തനിക്ക് പരാതി കൊടുത്തതിന് പിന്നാലെ രാജേഷ് കൃഷ്ണ ഷർഷാദിനെതിരെയും ചില മാധ്യമസ്ഥാപനങ്ങൾക്കെതിരെയും ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ട കേസ് നൽകി. ഷർഷാദ് പാർട്ടിക്ക് കൊടുത്ത പരാതിയുടെ പകർപ്പും ഒപ്പം വെച്ചാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്. പുതിയ പരാതിയിലൂടെ പുറത്തു വന്നത് സിപിഐഎമ്മിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇത് എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ മൂടിവെച്ചുവെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പരാതിയില്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ തന്നെ വന്‍ തുക കൈമാറിയിട്ടുണ്ട്. സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.