തൃശൂർ: മേയർ-ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രഖ്യാപനത്തിൽ അതൃപ്തിയറിയിച്ച് ലാലി ജെയിംസ്. എനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി എന്ന് പൊതുജനങ്ങൾക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് ദിവസം മുൻപ് നേതാക്കൾ വിളിച്ചിരുന്നു. ടേം വ്യവസ്ഥയ്ക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. മേയർ സ്ഥാനം പങ്കുവെക്കേണ്ട പോസ്റ്റ് അല്ലെന്നും ടേം വ്യവസ്ഥ ആണെങ്കിൽ മറ്റാർക്കെങ്കിലും കൊടുത്തോ എന്ന് പറഞ്ഞുവെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
മേയർ സ്ഥാനം തനിക്ക് അർഹതപ്പെട്ടതാണെങ്കിൽ ആ പദവി തനിക്ക് തന്നെ ലഭിക്കും. ഇനി ലഭിച്ചില്ലെങ്കിൽ കോൺഗ്രസിൽ നിന്നും വിട്ടുപോകില്ലെന്നും, പാർട്ടി തനിക്ക് ജീവൻ ആണെന്നും, തൻ്റെ ഏതെങ്കിലും ഒരു അഭിപ്രായപ്രകടനം കൊണ്ട് പാർട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ലാലി ജെയിംസ് പറഞ്ഞു. അതേസമയം, താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച വരുന്നവരെ കോൺഗ്രസ് തഴയുന്നുവെന്നും, തൻ്റെ കയ്യിൽ പണമില്ലെന്നും, പണം നൽകി പാർട്ടിയെ സഹായിക്കാൻ കഴിയുന്നവരെയാണോ പരിഗണിക്കുന്നത് എന്ന് അറിയില്ലെന്നും ലാലി ജെയിംസ് ചൂണ്ടിക്കാട്ടി.
മേയർ സ്ഥാനത്തെ സംബന്ധിച്ച് നഗരത്തി ഒരു സർവേ നടത്തിയാൽ അതിൽ മുന്നിൽ താനുണ്ടാകും. പാർട്ടിയുടെ നിലപാട് കേന്ദ്ര ഇടപെടൽ- കേരള ഇടപെടൽ എന്നൊക്കെയാണ് പറയുന്നത്. കെ.സി. വേണുഗോപാലും ദീപ ദാസ് മുൻഷിയുമാണ് ഇതിന് നേതൃത്വം കൊടുത്ത പ്രമുഖർ എന്ന് അറിയാൻ സാധിച്ചു. ദീപാ ദാസ് മുൻഷി വേണുഗോപാലിനോ വാർഡുകളെ കുറിച്ചോ പ്രയത്നിച്ചവരെ കുറിച്ചോ, കഷ്ടപ്പെട്ടവരെ കുറിച്ചോ അറിയില്ല. കഷ്ടപ്പെട്ടവരെ കുറിച്ച് അറിയാതെ പോകുന്നത് ദുഃഖകരമാണെന്നും ലാലി ജെയിംസ് വ്യക്തമാക്കി.