Source: Facebook
KERALA

അന്ധവിശ്വാസങ്ങളുടെ ആശയപ്രചാരകരായി പ്രമുഖ പത്രങ്ങൾ മാറുന്നു, എൽഡിഎഫ് സർക്കാരിനെതിരെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി

എൻജിഒ യൂണിയൻ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

Author : വിന്നി പ്രകാശ്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പത്രങ്ങൾ അന്ധവിശ്വാസങ്ങളുടെ ആശയപ്രചാരകരായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാച്ച് ഡോഗ്, ലാപ് ഡോഗായി മാറി. കാണുന്നതും കേൾക്കുന്നതും എല്ലാം പരമ സത്യം ആണെന്ന് കരുതരുത്. എൽഡിഎഫ് സർക്കാരിനെതിരെ വസ്തുത വിരുദ്ധമായ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പത്ര മുതലാളിമാർക്ക് പണത്തിൽ മാത്രമാണ് കണ്ണ്. പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവരുന്ന വ്യാജ ആരോപണങ്ങൾ കോടതിയിൽ പൊളിഞ്ഞാലും മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കുന്നില്ല. വിമർശനത്തെ ഭയക്കാത്ത സർക്കാരാണിത്. പത്രപ്രവർത്തനത്തിൽ വിമർശനം മാത്രമല്ല ജന ബോധവൽക്കരണം കൂടി ഉണ്ടാകണം. വികസന കാര്യങ്ങളെ തമസ്കരിക്കുന്ന രീതി സ്വദേശാഭിമാനിയുടെയും കേസരിയുടെയും പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ഒരുപാട് പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സംഘടനയാണ് എൻജിഒ യൂണിയനെന്നും പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സർവീസ് മേഖല നേടിയെടുത്ത അവകാശങ്ങൾ എൻജിഒ യൂണിയൻ അടക്കം സമരം ചെയ്ത് നേടിയെടുത്തതാണ്. ഇത് പുതിയ തലമുറയിലേക്കും പകർന്ന് നൽകേണ്ടതുണ്ട്. വളരെ വേഗം കാര്യങ്ങൾ മറന്നു പോകുന്ന ഒരു അന്തരീക്ഷമാണുള്ളത്. അക്കാര്യങ്ങൾ ഓർമപ്പെടുത്തേണ്ടതുണ്ട്. ഇന്ന് അഴിമതി ഏറ്റവും കുറഞ്ഞ നാടെന്ന് കേരളം അംഗീകരിക്കപ്പെട്ടു. മുമ്പ് എന്തായിരുന്നു നാടിൻ്റെ അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു. അഴിമതിമുക്തം പൊതുവെ അങ്ങ് ഉണ്ടായതല്ല. അത് നിലപാട് കൊണ്ട് ഉണ്ടായതാണ്. പൂർണ വിമുക്തി നേടാൻ ഇനിയും പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭരണരംഗത്ത് നല്ല ഇടപെടൽ നടന്ന കാലം കൂടിയാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഓഫീസുകൾ കയറിയിറങ്ങി മനംമടുക്കുന്ന അവസ്ഥ ജനങ്ങൾക്ക് ഉണ്ടായിക്കൂട. അതുകൊണ്ടാണ് പല സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് ഇന്ന് മാറിയത്. നമ്മുടെ അതിജീവനത്തെ നോക്കി ലോകം ആശ്ചര്യപ്പെട്ടു. ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച നാടായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. തെറ്റായ പ്രചരണങ്ങൾ നടത്തുന്നതിനുവേണ്ടി നിക്ഷിപ്ത താത്പര്യക്കാർ സോഷ്യൽമീഡിയയെ ദുരുപയോഗിക്കുന്നു. നാടിനെ മറ്റൊരു അവസ്ഥയിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് വ്യാജ നിർമിതിയിലൂടെ ശ്രമിക്കുന്നു. എന്താണ് യാഥാർത്ഥ്യം എന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയണമെന്നും അതിനായി പ്രചരണം നടത്താൻ കഴിയണമെന്നും പരിപാടിയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കിൽ 1600 രൂപ പെൻഷൻ നൽകുമായിരുന്നോ?. പെൻഷൻ വർധനവ് ഉണ്ടാകുമായിരുന്നോ, ഇക്കാര്യങ്ങൾ നല്ല രീതിയിൽ പ്രചരിപ്പിക്കാൻ ആരെയാണ് നിങ്ങൾ കാത്ത് നിൽക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

SCROLL FOR NEXT