കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടർ നിയമ നടപടികൾക്കായി ട്രസ്റ്റിന് രൂപം നൽകി ഡബ്ല്യുസിസി. അതിജീവിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാവുക സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക വൃന്ദ ഗ്രോവറാണ്. 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.
കേസിൻ്റെ നടത്തിപ്പിനായി പണപ്പിരിവ് നടത്തും. ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 2025 ഡിസംബർ എട്ടിന് വിധി പ്രഖ്യാപിച്ചെങ്കിലും, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ആസൂത്രണം ചെയ്തവരെന്ന് ആരോപണം ഉയർന്ന നടൻ ദിലീപ് അടക്കമുള്ള നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.
ഇതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. നടി ലൈംഗിക ആക്രമണം നേരിട്ടതിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണ കാലയളവിൽ ദുരുപയോഗം ചെയ്യപ്പെട്ടുണ്ടോയെന്നാണ് സംശയം. ഈ ദൃശ്യങ്ങൾ അനധികൃതമായി മറ്റു ഉപകരണങ്ങളിലേക്ക് കോപ്പി ചെയ്യപ്പെട്ടുണ്ടോയെന്നാണ് സംശയമുള്ളത്. ഇത് അതിജീവിതയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് നിയമനടപടിക്ക് വീണ്ടും ഒരുങ്ങുന്നത്.