കോട്ടയം: സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ പഞ്ചായത്താണ് കോട്ടയത്തെ വെളിയന്നൂർ. ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തുന്ന ബഡ്‌സ് സ്‌കൂളാണ് പഞ്ചായത്തിലെ പ്രധാന പദ്ധതി. വിവിധ പദ്ധതികളിലൂടെ സാധാരണക്കാർക്ക് വരുമാനം നേടാനുള്ള സാഹചര്യം ഒരുക്കുന്നു എന്നത് വെളിയന്നൂർ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ വെളിയന്നൂർ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികൾ ഏറെയാണ്.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലുളള, കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്ത്. ഗ്രാമീണ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന വെളിയന്നൂർ. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആയി സർക്കാർ തെരഞ്ഞെടുത്ത നാടാണ് വെളിയന്നൂർ. പദ്ധതികൾ തുടങ്ങുക മാത്രമല്ല ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുന്നതുമാണ് ഈ നേട്ടത്തിന് കാരണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള ബഡ്‌സ് സ്‌കൂളാണ്.
ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഒമ്പത് സംരഭങ്ങൾ വേറെയുമുണ്ട്. ബഡ്സ് സ്കൂളുമായി അനുബന്ധമായി തന്നെ മൂന്ന് സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്. ബുക്ക് നിർമാണ യൂണിറ്റായ ഇതള്‍, പേപ്പർ പാഡ് നിർമാണ യൂണിറ്റായ കനിവ്, പവർ ടൂള്‍സ് വാടകയ്ക്ക് കൊടുക്കുന്ന ഫീനിക്സ് എന്നീ സംരഭങ്ങള്‍ ബഡ്സ് സ്കൂളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ അമ്മമാർ തയ്യാറാക്കുന്ന പേപ്പർ ഉല്‍പ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ബുക്കും, നോട്ട് പാഡും, പേനയുമൊക്കെ അന്വേഷിച്ച് എത്തുന്ന ആളുകൾ വരെയുണ്ട്.
'കുഞ്ഞാഞ്ഞാസ്' എന്ന ഇടിയിറച്ചി നിർമാണ യൂണിറ്റും പഞ്ചായത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെ പിന്തുണയിലുള്ള കുടുംബശ്രീ ഹോട്ടലും വൻ വിജയമാണ്. എൽഇഡി നിർമാണ യൂണിറ്റ്, അച്ചാർ ദോശമാവ് നിർമാണം, ജൈവവളം അങ്ങനെ പദ്ധതികൾ നിരവധിയാണ്. ഇത് മാത്രമല്ല, ചെറുകിട പദ്ധതികളിലൂടെ 150ൽ അധികം ആളുകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കി മാതൃകയാകുന്നുണ്ട് കോട്ടയത്തെ വെളിയന്നൂർ ഗ്രാമപഞ്ചായത്ത്.