KERALA

സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ല, ജിഎസ്‌ടി കൂടിയെങ്കിലും വില വർധനയില്ല; സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും

28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കാണ് ലോട്ടറിക്ക് ജിഎസ്‌ടി കൂടുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ലോട്ടറിക്ക് നികുതി വർധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ല. പകരം സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും. വില കൂട്ടിയാൽ വിൽപ്പന കുറയുമെന്ന് വിലയിരുത്തിയാണ് തീരുമാനം. 28% ൽ നിന്ന് 40% ലേക്കാണ് ലോട്ടറിക്ക് ജിഎസ്ടി കൂടുന്നത്.

ജിഎസ്ടി വർധിപ്പിച്ചെങ്കിലും ലോട്ടറി ടിക്കറ്റുകൾക്ക് വില കൂട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സമ്മാനം, ഏജൻസി കമ്മിഷൻ, ഏജൻസി സമ്മാനം, സർക്കാരിന്റെ ലാഭം എന്നിവയിൽ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ രേഖ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിൽ ആഴ്ചയിൽ ഏഴ് ലോട്ടറി ടിക്കറ്റുകളാണ് സർക്കാർ നറുക്കെടുക്കുന്നത്. ബമ്പർ ഒഴികെയുള്ളവയുടെ 1.8 കോടി ടിക്കറ്റുകൾ അച്ചടിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ഇപ്പോൾ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന 28% ജിഎസ്ടിയിൽ 14% സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. 2% ലാഭത്തിനു പുറമേ സർക്കാരിനു ലഭിക്കുന്ന അധികവരുമാനമാണിത്. ജിഎസ്ടി 40 ശതമാനമാക്കുമ്പോൾ സർക്കാരിന്റെ നികുതി വരുമാനത്തിൽ 6% വർധനയുണ്ടാകും.

SCROLL FOR NEXT