മദ്യനയത്തിൽ നിലപാട് കടുപ്പിച്ച് എം.ലിജു 
KERALA

"ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റും"; മദ്യനയത്തിൽ നിലപാട് കടുപ്പിച്ച് എം.ലിജു

ബാർ ലൈസൻസ് സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിനെ അറിയിക്കാനുള്ള നിയമ സംവിധാനം ഇപ്പോൾ ഇല്ല, ഇത് മാറ്റി എക്സൈസ് കമ്മീഷണർ എടുക്കുന്ന തീരുമാനങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മദ്യനയത്തിൽ നിലപാട് കടുപ്പിച്ച് എക്സൈസ് മന്ത്രി എം.ലിജു. ബാർ ലൈസൻസുകളുടെ അനുമതി സർക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാൽ ഇപ്പോഴെത്തെ കമ്മീഷണറുടെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ താഴെത്തട്ടിൽ തീരുമാനിക്കാനുള്ള അധികാരം നൽകിയത് ഇടതു സർക്കാരാണ്. മുൻ സർക്കാരിൻ്റെ കാലത്ത് ഇത്തരത്തിലുള്ള പഴുതുകൾ ഉപയോഗിച്ച് 428 വൈൻ പാർലറുകളാണ് ബാറുകളായി മാറിയത്. മന്ത്രിയറിയാതെ തീരുമാനങ്ങളൊന്നും ഉണ്ടാകരുതെന്നും മന്ത്രി കർശന നിർദേശം നൽകി.

നെടുമ്പാശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയ വിവാദത്തിൽ ഈ ലൈസൻസുകൾ റദ്ദാക്കുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ എക്സൈസ് മന്ത്രി എം. രാജേഷിൻ്റെയും എൽഡിഎഫ് സർക്കാരിൻ്റെയും മദ്യനയത്തിനെതിരെയും എം. ലിജു വിമർശനം ഉന്നയിച്ചു. ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയ എം. രാജേഷിനോടും ഇടതുസർക്കാരിനോടും എനിക്ക് അതൃപ്തിയുണ്ട്.

എം.ബി രാജേഷ് ഡെപ്യൂട്ടി കമ്മീഷണർക്ക് അധികാരം നൽകിയിട്ട് മാറിയിരുന്നതിനോട് തനിക്ക് അതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഞാൻ അതൃപ്തി പറഞ്ഞുകൊണ്ട് നടക്കുകയല്ല. ആക്ഷൻ എടുക്കുകയാണ് ചെയ്യുന്നത്. എൻ്റെ അതൃപ്തി ഞാൻ ആക്ഷനിലൂടെ ആണ് പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവംബർ 30- നകം മദ്യനയം കൊണ്ടുവരുമെന്നും എം.ലിജു കൂട്ടിച്ചേർത്തു.

SCROLL FOR NEXT