ദേശാഭിമാനിയിലെ കള്ളന്‍ വിജയന്‍ ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എം. സ്വരാജിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അങ്ങനെയൊരു ലേഖനം ഇല്ല, ലേഖനം ഉണ്ടെങ്കിലല്ലേ കൊടുക്കേണ്ടത്? ഒരു ലേഖനം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലേഖകന്‍ അല്ല. അത് പത്രാധിപസമിതിയുടെ കൂട്ടായ തീരുമാനമാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതല കെ.ആർ. അജയനല്ല. ആരാണ് ചുമതലക്കാരൻ എന്ന് ഇപ്പോൾ നമ്മൾ വിശദീകരിക്കേണ്ടതില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"ലേഖനം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. ദേശാഭിമാനിയുടെ കാര്യം അവരല്ലേ തീരുമാനിക്കുക. സാമാന്യ മര്യാദ അനുസരിച്ച് മറ്റ് മാധ്യമങ്ങൾ ഇടപെടാറില്ല. ദേശാഭിമാനി എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല എന്ന് ചോദിക്കാൻ മനോരമയ്ക്ക് എന്ത് അധികാരം? നിങ്ങളൊക്കെ എത്ര വാർത്ത പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ട്. ഞായറാഴ്ച പ്രസിദ്ധീകരിക്കേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് കേവലം സാങ്കേതിക കാരണങ്ങളാലാണ്" - ഗോവിന്ദന്‍ വ്യക്തമാക്കി.
വിഎസിന്റെ ഒന്നാം ചരമാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് അവസാനം നിമിഷം ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അനുസ്മരണക്കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ വാരാന്തപ്പതിപ്പിൽ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമെന്നായിരുന്നു പിന്നീട് വന്ന വിവരങ്ങള്‍. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന ആളെ കുറിച്ചായിരുന്നു ഫീച്ചർ. ഈ ഫീച്ചര്‍ എഴുതിയ ടി.സി. രാജേഷ് സിന്ധു, "പിഴവ് എന്റേതാണ്. ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു" എന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിന്റെ പ്രതികരണം. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ വരുന്നത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നുള്ളത് വസ്തുതയാണ്. സാങ്കേതികപ്രശ്നം മൂലം മാത്രമാണ് അച്ചടിക്കാഞ്ഞത്. ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിൽ നിന്നാണ് പത്രം അടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നമുണ്ടായി. ആ തകരാര്‍ പരിഹരിച്ചതോടെ വാരാന്തപ്പതിപ്പ് പിറ്റേദിവസം അച്ചടിച്ച് വിതരണം ചെയ്യുമെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.