KERALA

"വിഎസ് ജീവിച്ചിരുന്നെങ്കിൽ പത്മവിഭൂഷൺ നിരസിച്ചേനെ; പുരസ്കാരം വാങ്ങണമോ എന്നത് കുടുംബത്തിന് തീരുമാനിക്കാം"; എം.എ. ബേബി

ജ്യോതി ബസുവിനും ഇഎംഎസിനും അവാർഡ് നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വയം നിരസിക്കുകയായിരുന്നു എന്നും സിപിഐഎം ജനറൽ സെക്രട്ടറി ഓർമപ്പെടുത്തി.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതിൽ വിയോജിപ്പുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വി.എസ്. ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ പത്മവിഭൂഷൺ നിരസിക്കും. ഇത്തരത്തിലൊരു അവാർഡ് സ്വീകരിക്കുന്ന രീതി ഞങ്ങൾക്കില്ലെന്ന് മറുപടി നൽകുകയും ചെയ്യുമെന്ന് എം.എ. ബേബി പറഞ്ഞു.

വി.എസിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. പുരസ്കാര ലബ്ധിയിൽ സന്തോഷമെന്ന കുടുംബത്തിൻ്റെ പ്രതികരണത്തെയും പാർട്ടി അംഗീകരിക്കുന്നു. പുരസ്കാരം വാങ്ങണമോ എന്നതും കുടുംബത്തിന് തീരുമാനിക്കാം. പാർട്ടിക്ക് ഇക്കാര്യത്തിൽ പ്രത്യേക നിലപാട് ഇല്ലെന്നും ബേബി പ്രതികരിച്ചു. ജ്യോതി ബസുവിനും ഇഎംഎസിനും അവാർഡ് നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വയം നിരസിക്കുകയായിരുന്നു എന്നും സിപിഐഎം ജനറൽ സെക്രട്ടറി ഓർമപ്പെടുത്തി.

സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് വി.എസ്. അച്യുതാനന്ദന് പുരസ്‌കാരം നൽകിയത്. കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്കാരം . 2006 മുതൽ 2011 വരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വിഎസ്, പ്രതിപക്ഷ നേതാവായും സിപിഐഎം സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്‍റെ സമസ്ത മേഖലകളിലും വലിയ മാറ്റത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. 2025 ജൂലൈ 21നാണ് വിഎസ് അന്തരിച്ചത്.

പയ്യന്നൂർ ഫണ്ട് വിവാദത്തിലും എം.എ. ബേബി പ്രതികരിച്ചു. "സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കർക്കശ നിലപാടാണ് പാർട്ടിക്കുള്ളത്. ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടിൽ ഒരു സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുത്തിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി ഫണ്ടിൻ്റെ കാര്യത്തിൽ പൂർണ ബോധ്യം ഉണ്ട്. പൊതുജനമധ്യത്തിൽ ഏതെങ്കിലും ധാരണ പിശക് വന്നിട്ടുണ്ടെങ്കിൽ അത് കേരള ഘടകം പരിഹരിക്കും. പാർട്ടി ഫണ്ട് സമ്മതിച്ച കണക്കുകൾ പാർട്ടിക്ക് പൂർണ ബോധ്യം ഉള്ളതാണ്"; എം.എ. ബേബി വ്യക്തമാക്കി.

ഭവന സന്ദ‍‍ർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. പാത്രം കഴുകിയത് കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയാണ്. പെണ്ണുങ്ങൾ മാത്രം എല്ലാം ചെയ്യണമെന്ന് നിലപാടിനോട് യോജിപ്പില്ലെന്നും, സോഷ്യൽ മീഡിയ താരമാകാൻ അല്ല പാത്രം കഴുകിയത് എന്നും ബേബി വ്യക്തമാക്കി. താൻ നേരത്തെ ശീലിച്ച കമ്മ്യൂണിസ്റ്റ് ശൈലിയാണ് ഇത്. ചില സ്ഥലത്ത് ഇലയിലാണ് ഭക്ഷണം ലഭിക്കുക, ഇല കഴുകാൻ പറ്റാത്തത് കൊണ്ട് അത് ചെയ്യാറില്ല. തന്നെ വിമർശിക്കുന്നവർക്ക് അതിലൂടെ മനസുഖം ലഭിക്കുന്നു എങ്കിൽ അവർക്ക് അത് ലഭിക്കട്ടെ എന്നും ബേബി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT