വേലായുധൻ Source: News Malayalam 24x7
KERALA

സിപിഐഎമ്മിൻ്റെ കൈത്താങ്ങ്; സുരേഷ് ഗോപി അവഗണിച്ച കൊച്ചു വേലായുധൻ്റെ വീട് നിർമാണം ആരംഭിച്ചു

നാട് ഒന്നാകെ ചേർന്നാണ് വേലായുധൻ ചേട്ടൻ്റെ സ്വപ്നം പൂർത്തീകരിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ .വി. അബ്ദുൽ ഖാദർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കലുങ്ക് സൗഹാർദ സംവാദ സദസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ ഭവന നിർമാണം ആരംഭിച്ചു. സിപിഐഎം ചേർപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമാണത്തിൻ്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ നിർവഹിച്ചു. സുരേഷ് ഗോപിയിൽ നിന്ന് അവഗണന നേരിട്ടുവെങ്കിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കൊച്ചു വേലായുധൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഒറ്റ മുറി കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറി താമസിക്കാൻ കാത്തിരിക്കുകയാണ് വേലായുധൻ. സ്വന്തം വീടെന്നത് അയാളുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിനാണ് സിപിഐഎമ്മിന്റെ സഹായത്തോടുകൂടി ഇദ്ദേഹം തറക്കല്ലിട്ടത്.

കേന്ദ്ര സുഖമന്ത്രി സുരേഷ് ഗോപി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ച ചെയ്യാനുമായി സംഘടിപ്പിക്കുന്ന കലുങ്ക് സൗഹാർദ്ദ സദസിന് ഈ മാസം 12 ആണ് തുടക്കമായത്. പുള്ളിൽ നടന്ന ആദ്യ പരിപാടിയിൽ തൻ്റെ സങ്കടം അറിയിക്കാൻ കൊച്ചു വേലായുധൻ എത്തിയിരുന്നു. അപേക്ഷയുമായി മന്ത്രിയെ സമീപിച്ചപ്പോൾ നേരിട്ട അവഗണന കുറച്ചൊന്നുമല്ല ഈ മനുഷ്യനെ വേദനിപ്പിച്ചത്.

തെങ്ങ് വീണു തകർന്ന വീടിൻറെ പഴയ ഭാഗങ്ങൾ പൊളിച്ചു നീക്കിയ സ്ഥലത്താണ് കൊച്ചു വേലായുധന്റെ പുതിയ വീടും പണി തീർക്കുക. നാട് ഒന്നാകെ ചേർന്നാണ് വേലായുധൻ ചേട്ടൻ്റെ സ്വപ്നം പൂർത്തീകരിക്കുന്നത് എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ .വി. അബ്ദുൽ ഖാദർ പറഞ്ഞു.

സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടായിരിക്കും നിർമ്മാണം. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്ക്വയർ ഫീറ്റ് വീടാകും നിർമിക്കുക. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേർന്ന് കൊച്ചുവേലായുധനെ ഭവന നിർമ്മാണത്തിനായി സഹായിക്കുന്നുണ്ട്.

SCROLL FOR NEXT