KERALA

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ

എന്നാൽ ദർഷിതയുടെ വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ. കർണാടക ഹാസൻ സ്വദേശി മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് പൊലീസ് കണ്ടെത്തൽ. കർണാടക ബിലിക്കരെയിൽ വെച്ച് പണമടങ്ങിയ പൊതി മഞ്ജുനാഥിന് കൈമാറുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാൽ ദർഷിതയുടെ വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി.

ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും ദർഷിത മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ കാണാതായ യുവതിയെ മൈസൂരിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആൺസുഹൃത്തായ സിദ്ധരാജുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ലോഡ്ജിൽ വെച്ച് ഡിറ്റണേറ്റർ വായിൽ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയത്.

ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകം നടത്തിയ ശേഷം മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

അതേസമയം, മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നും സിദ്ധരാജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദര്‍ഷിതയില്‍ നിന്നും 80,000 രൂപയാണ് ഇയാള്‍ കടമായി വാങ്ങിയിരുന്നത്.

SCROLL FOR NEXT