തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില വർധന ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പാൽവില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണുള്ളത്. നടപടികൾ പൂർത്തിയായി വരികയാണ്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി.
അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുകയാണ്. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് ചർച്ച നടക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് പി.സി. വിഷ്ണുനാഥ് സഭയിൽ പറഞ്ഞു.
"മന്ത്രി അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോൾ വലിയ കരഘോഷം ഭരണപക്ഷത്തുനിന്ന് കേട്ടു. ഭരണപക്ഷം പോലും കയ്യടിക്കണമെങ്കിൽ എത്രമാത്രം ഗൗരവത്തിലാണ് അവർ ഇതിനെ കാണുന്നത്. കേരളത്തിലെ പണപ്പെരുപ്പം 9% ആയി ഉയർന്നു. തുടർച്ചയായി എട്ടുമാസം വിലക്കയറ്റത്തോതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. മലയാളിക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് വെളിച്ചെണ്ണ. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാട് കാത്തിരിക്കണം. പപ്പടം ചുട്ട് തിന്നേണ്ടി വരും". പൊതുവിപണിയേക്കാൾ കൂടുതൽ വിലയ്ക്ക് സപ്ലൈകോയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
എന്നാൽ കേന്ദ്ര നയത്തെക്കുറിച്ച് ഒരു വാക്ക് പ്രമേയ അവതാരകൻ പറഞ്ഞോ എന്നായിരുന്നു വി. ജോയ്‌യുടെ മറുപടി. ഒരു വാക്കുകൊണ്ടെങ്കിലും കേന്ദ്ര നയങ്ങളെ വിമർശിക്കാൻ വിഷയാവതാരകൻ തയ്യാറായില്ല. ഓണം വന്നപ്പോൾ കോൺഗ്രസ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഓണം മലയാളിക്ക് ഹാപ്പിയായിരുന്നുവെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. സഭാസമ്മേളനത്തിൻ്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.