KERALA

'പ്രാഗി'ലേക്ക് പറന്നത് പണിയായി; യാത്രാനുമതി നാല് രാജ്യങ്ങളിൽ മാത്രം, മന്ത്രിയെ വെട്ടിലാക്കി രേഖകൾ പുറത്ത്

സ്വകാര്യയാത്രയാണെന്നും സ്വയം ചെലവ് വഹിച്ചെന്നും ന്യായീകരിക്കുമ്പൊഴും യാത്രാനുമതിയും, സഹയാത്രികരുടെ പേരുകളും ഉൾപ്പെടെ മന്ത്രിയെ വെട്ടിലാക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രി കെ. എം. ഷാജിയുടെ ചെക്ക് റിപബ്ലിക്കിലേക്കുള്ള യാത്ര, അനുമതി ഇല്ലാതെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് . നാല് രാജ്യങ്ങളിലേക്ക് മാത്രമാണ് മന്ത്രിക്ക് യാത്രാ അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഈ പട്ടികയിൽ ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗ് ഉണ്ടായിരുന്നില്ല. അനുമതി ലഭിച്ച രാജ്യങ്ങളുടെ പട്ടികയുള്ള നിയമസഭാ രേഖയും പുറത്ത് വന്നിട്ടുണ്ട്.

മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചുള്ള വിവരങ്ങൾ നൽകാതെ സർക്കാർ ഒളിച്ചുകളി തുടരുന്നതിനിടെയാണ് രേഖകൾ പുറത്ത് വന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് യാത്ര നടത്താനായിരുന്നു മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നത്. ഇവിടങ്ങളിലേക്ക് മാത്രമാണ് കെ എം ഷാജി യാത്ര അനുമതി തേടിയിരുന്നത്. പ്രാഗിലേക്ക് ഷാജിക്ക് യാത്ര ചെയ്യാന്‍ അനുമതി ഇല്ലായിരുന്നു എന്നാണ് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ അനുമതി ഇല്ലാതെ മന്ത്രി വിദേശ യാത്ര നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതി തേടിയാലാണ് മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താനാകുക. കെ.എം. ഷാജിയുടെ പ്രയാഗ് യാത്ര മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിയുടേത് സ്വകാര്യയാത്രയാണെന്നും സ്വയം ചെലവ് വഹിച്ചെന്നും ന്യായീകരിക്കുമ്പൊഴും യാത്രാനുമതിയും, സഹയാത്രികരുടെ പേരുകളും ഉൾപ്പെടെ മന്ത്രിയെ വെട്ടിലാക്കുകയാണ്.

SCROLL FOR NEXT