ഡിവൈഎസ്‌പി ഉമേഷ് Source: News Malayalam 24x7
KERALA

"ടെറസിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, നിസഹായാവസ്ഥ ചൂഷണം ചെയ്തു"; ഡിവൈഎസ്‌പി ഉമേഷിനെതിരെ യുവതിയുടെ മൊഴി

അനാശാസ്യക്കേസിൽ തന്റെ കൂടെ പിടിയിലായവരിൽ നിന്ന് ഉമേഷ് പണം വാങ്ങിയെന്നും യുവതി പൊലീസിന് മൊഴി നൽകി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ചെർപ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസ് ജീവനൊടുക്കും മുമ്പ് എഴുതിയ കുറിപ്പിലെ പരാമർശത്തിൽ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ മൊഴിയിലുള്ളത്. അനാശാസ്യക്കേസിൽ തന്റെ കൂടെ പിടിയിലായവരിൽ നിന്ന് ഉമേഷ് പണം വാങ്ങിയെന്നും പണം നൽകിയില്ലെങ്കിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി.

2014ൽ അനാശാസ്യത്തിനിടെ പിടിയിലായ യുവതിയെ, അന്ന് സിഐ ആയിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ബിനു ആത്മഹത്യാക്കുറിപ്പിൽ കുറിച്ചത്. ഡിവൈഎസ്‌പി ഉമേഷ് അന്ന് മറ്റ് പ്രതികളിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും, തൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയില്ലെന്ന് യുവതി പറയുന്നു. എന്നാൽ വടക്കഞ്ചേരി സിഐയായിരുന്ന കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഉമേഷ് ക്രൂരമായി പെരുമാറി.

ഉമേഷ്‌ വന്ന സമയത്ത് രണ്ട് പെൺകുഞ്ഞുങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. ഉമേഷ്‌ ടെറസിൻ്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൂടെ പോവുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. വാർത്തയും കേസും ആകുമോ എന്ന് പേടിച്ച് ഉമേഷ്‌ പറഞ്ഞത് അനുസരിക്കേണ്ടി വന്നു. ഉമേഷ് ടെറസിൽ വെച്ച് പീഡിപ്പിച്ചെന്നും തൻ്റെ നിസഹായാവസ്ഥയെ ചൂഷണം ചെയ്യുകയായിരുന്നെന്നും യുവതി മൊഴി നൽകി.

അതേസമയം ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നായിരുന്നു ഡി‌വൈഎസ്‌പി ഉമേഷിൻ്റെ പക്ഷം. ആത്മഹത്യാക്കുറിപ്പ് കണ്ടിട്ടില്ല. അതിൽ പറയുന്ന കാര്യങ്ങൾ എന്നെക്കുറിച്ചാണോയെന്നറിയില്ല. ഉന്നത ഉദ്യോഗസ്ഥരാരും തന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉമേഷ് പ്രതികരിച്ചു.

SCROLL FOR NEXT