കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മുസ്ലിം ലീഗ് ഇക്കുറി നേടിയത്. പത്ത് വർഷം പ്രതിപക്ഷത്ത് ഇരുന്നതിന് ശേഷം മലബാറിൽ ഹരിത തിരമാലകൾ തീർത്തുകൊണ്ടാണ് 22 സീറ്റോടെ മുസ്ലിം ലീഗ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം സംസ്ഥാന ചരിത്രത്തിലെ റെക്കോഡാണ്.
25 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുഞ്ഞാലിക്കുട്ടി നേടിയത് 85,327 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. 1,31,632 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണനെ അട്ടിമറിച്ച് പേരാമ്പ്രയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ തഹ്ലിയ മുസ്ലിം ലീഗിൻ്റെ ചരിത്രത്തിലെ ആദ്യത്തെ വനിത എംഎൽഎയുമായി. 2011ൽ നേടിയ 20 സീറ്റാണ് ലീഗിൻ്റെ ഇതിന് മുമ്പുള്ള മികച്ച വിജയം.
തൊണ്ണൂറ് സീറ്റിൽ മത്സരിച്ച് 26 ഇടങ്ങളിൽ മാത്രം വിജയിച്ച സിപിഐഎമ്മുമായി താരതമ്യപ്പെടുത്തിയാൽ മനസിലാകും വെറും 27 സീറ്റിൽ മത്സരിച്ച് 22ഉം നേടിയ മുസ്ലിം ലീഗിൻ്റെ സ്ട്രൈക്ക് റേറ്റിൻ്റെ വലുപ്പവും ഗരിമയും. കഴിഞ്ഞ നിയമസഭയിൽ 15 സീറ്റായിരുന്നു യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്. മലപ്പുറത്ത് സമ്പൂർണ സമഗ്രാധിപത്യമാണ്. പന്ത്രണ്ടിൽ പന്ത്രണ്ടും. 2011ൽ നേടിയ 20 സീറ്റാണ് ലീഗിൻ്റെ ഇതിന് മുമ്പുള്ള മികച്ച വിജയം. സിപിഐഎം കോട്ടയായ പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനറും സിറ്റിംഗ് എംഎൽഎയുമായ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹ്ലിയയുടെ വമ്പൻ വിജയവും ലീഗിന് തിളക്കം നൽകുന്നു.
മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ എന്ന നേട്ടവും ഇതോടൊപ്പം ഫാത്തിമ തഹ്‌ലിയ കുറിച്ചു. മണ്ഡലചരിത്രത്തിൽ ആകെ രണ്ട് തവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഫാത്തിമ തഹ്‌ലിയ അതികായനെ നിലംപരിശാക്കിയത്. 1999 ഖമറുന്നിസ അൻവറാണ് മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചതെങ്കിലും അവർക്ക് വിജയിക്കാനായിരുന്നില്ല. മന്ത്രി വി. അബ്ദുറഹിമാനും കെ.ടി. ജലീലും തോറ്റു. ഏതു പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പൊന്നാനിയും ലീഗിൻ്റെ കൊടുങ്കാറ്റിൽ കടപുഴകി.
രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രം ലാഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ വി.ഡി.സതീശന് തന്നെയെന്ന് ലീഗ് പ്രഖ്യാപനം വരുംമുമ്പേ മുൻകൂട്ടി അറിയിച്ചിട്ടുമുണ്ട്. ലീഗ് നേടിയ സീറ്റെണ്ണം കോൺഗ്രസിൽ സതീശൻ പക്ഷത്തിൻ്റേയും കരുത്ത് കൂട്ടുന്നു.