തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത പരാജയമാണ് നേരിട്ടത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരിച്ചടികളിൽ നിന്ന് തിരുത്തൽ വരുത്തി തിരിച്ചുവന്ന ചരിത്രമാണ് എൽഡിഎഫിനുള്ളത്. ഈ വിഷയത്തിൽ മുഴുവൻ സഖാക്കൾക്കും പറയാനുള്ളത് കേൾക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കും. പാർട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളേയും വിശ്വാസത്തിൽ എടുക്കുമെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫിൻ്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണ്. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണമെന്നാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. മുഴുവൻ ഏരിയ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റികളും, ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങളും വിളിച്ച് ചേർക്കും. ഈ ചർച്ചകൾ കൂടി പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.