എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ Source: News Malayalam 24x7
KERALA

"പണയത്തിലുള്ള ആധാരം എടുത്തു നൽകിയില്ലെങ്കില്‍ ഡിസിസി ആസ്ഥാനത്ത് സമരം"; കോൺഗ്രസിന് അന്ത്യശാസനവുമായി എന്‍.എം. വിജയന്റെ മരുമകള്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെ പത്മജ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി അന്തരിച്ച മുന്‍ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30നകം ബത്തേരി അർബൻ ബാങ്കിൽ പണയത്തിലുള്ള വീടിന്റെയും പുരയിടത്തിന്റെയും ആധാരം എടുത്തു നൽകണം. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ ഡിസിസി ആസ്ഥാനത്ത് സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു.

2007 കാലഘട്ടത്തില്‍ എന്‍.എം. വിജയന്‍ എടുത്ത വായ്പ പാർട്ടി ആവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചതെന്ന് നേരത്തെ പത്മജ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നാണ് വിജയന്റെ കുടുംബത്തിന്റെ വാദം.

കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് കഴിഞ്ഞ ദിവസവും പത്മജ ആവർത്തിച്ചിരുന്നു. കെപിസിസി നേതൃത്വം കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നാണ് പത്മജ പറയുന്നത്. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു. ഇതുവരെ 20 ലക്ഷമാണ് കോൺഗ്രസ് നൽകിയത്. രണ്ടരക്കോടിയുടെ ബാധ്യതയുടെ കണക്കാണ് കുടുംബം നൽകിയത്. ഈ പണം നൽകാമെന്ന് ടി. സിദ്ദിഖ് എംഎൽഎ കരാർ ഒപ്പിട്ടിരുന്നു. കരാർ വാങ്ങാൻ വക്കീലിന്‍റെ അടുത്ത് പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടു. ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ലെന്നും പത്മജ പറഞ്ഞിരുന്നു. കരാറിൻ്റെ കോപ്പി നൽകുകയോ, എംഎൽഎയെ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്തിരുന്നില്ലെന്നുമാണ് എൻ. എം. വിജയൻ്റെ മകൻ വിജേഷ് ആരോപിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെ പത്മജ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. 'കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇര കൂടി' എന്നെഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം.

SCROLL FOR NEXT