Source: Social Media
KERALA

തദ്ദേശവിജയം കേരളത്തെ ആർക്കും നിശബ്ദമാക്കാൻ കഴിയില്ലെന്നതിന്റെ തെളിവ്; കോൺഗ്രസ് മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ നയങ്ങളും ആഎസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചും നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചും കോൺഗ്രസിന്റെ മഹാപഞ്ചായത്ത്. എറണാകുളം മെറൈൻ ഡ്രൈവിൽ നടന്ന സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും വിജയിച്ചവരുമായ മുഴുവൻ സ്ഥാനാർഥികളെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ വിജയോത്സവം.

എറണാകുളം മെറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിൽ 15000 അണികളാണ് പങ്കെടുത്തത്. കേന്ദ്രസർക്കാർ നയങ്ങളും ആഎസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. കേരളം തനിക്ക് ഏറെ വൈകാരികമാണ് എന്നും കേരളത്തിന്റെ ഒരുമയും രാഷ്ട്രീയ ബോധവും ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ലെന്നും രാഹുൽ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. ജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലിലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ യുഡിഎഫിന് പരിഹാരം കാണാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു. പിണറായി വിജയൻ വർഗീയതയെ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്ന് സമ്മേളത്തിൽ സംസാരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെയും സർക്കാർ നയങ്ങളെയും ശബരിമല സ്വർണക്കൊള്ളയും പരാമർശിച്ച് ആഞ്ഞടിച്ചപ്പോൾ രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെതിരെ കാര്യമായ കടന്നാക്രമണം നടത്തിയില്ല. കോൺഗ്രസ് ദേശീയ നേതാക്കളായ സച്ചിൻ പൈലറ്റ്, ദീപദാസ് മുൻഷി, കെ.ജെ. ജോർജ് തുടങ്ങിയവരും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് , ശശി തരൂർ , രമേശ് ചെന്നിത്തല , കെ സുധാകകരൻ തുടങ്ങിയ നേതാക്കളും കെപിസിസി ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ താഴേത്തട്ടിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യം കൂടിയാണ് മഹാപഞ്ചായത്തിലൂടെ കോൺഗ്രസ്.

SCROLL FOR NEXT