കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നുവെന്ന പരിശോധനാഫലം ലഭിച്ചു. സുഹൈലിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നുവെന്നാണ് സാമ്പിൾ പരിശോധന ഫലം. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധനഫലം കൂടി ലഭിക്കണം.
കാക്കനാട് ലാബിൽ നടത്തിയ പരിശോധനാഫലത്തിലാണ് കണ്ടെത്തല്. നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിക്കാനിടയായ അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി പൊലീസും എക്സൈസ് വകുപ്പും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
150 കിലോമീറ്ററിലധികം വേഗതയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സുഹൈലിന് മദ്യം നൽകിയ എറണാകുളത്തെ രണ്ട് ബാറുകൾക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാർ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ട് നൽകും.
നെടുമ്പാശേരി-അത്താണി റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. കൊച്ചിയിലെ ആൻ്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.അപകടമുണ്ടാക്കിയ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാരസ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ.