KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേരളത്തിൽ ഇനി മദ്യപിച്ച് വാഹനമോടിക്കൽ അനുവദിക്കില്ല, ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല: മന്ത്രി രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഇനി മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇന്നലെ സംസ്ഥാനത്ത് 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസിന് താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ല. ആ തീരുമാനം കോടതിയുടേതാണ്. ഇത് അറിയാത്ത ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്," മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കൊടുങ്ങല്ലൂർ ബ്ലാക്ക്‌മെയിൽ കേസിലെ യുവാവ് ജീവനൊടുക്കിയത് പൊലീസിൻ്റെ മാനസിക പീഡനത്തെ തുടർന്നാണെന്നും രണ്ട് മക്കളേയും കള്ളക്കേസിൽ കുടുക്കിയാണ് ജയിലിൽ അടച്ചതെന്നുമുള്ള കുടുംബത്തിൻ്റ ആരോപണത്തിനും ആഭ്യന്തര മന്ത്രി മറുപടി നൽകി. മരിച്ച കുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പരിശോധിക്കുമെന്നും പൊലീസ് തങ്ങളുടെ ചുമതല സത്യസന്ധമായി നിറവേറ്റുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ കൻ്റോൺമെൻ്റ് സിഐയേയും എസ്ഐയേയും മാറ്റണമെന്ന എസ്എഫ്ഐയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ആഭ്യന്തര മന്ത്രി പ്രതകരിച്ചു. "എസ്എഫ്ഐ എന്താ പേടിപ്പിക്കുകയാണോ? ഭീഷണി ഒന്നും വേണ്ട. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരുമാണ്. കേരളത്തില്‍ ഇതിന് മുമ്പും ലാത്തി ചാർജ് ഉണ്ടായിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രവണതകൾ വച്ചു പൊറുപ്പിക്കില്ല. അത്തരം കാര്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും," മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

SCROLL FOR NEXT