കൊല്ലത്ത് നവവധുവിന് ഭർത്താവിൻ്റെ ക്രൂര പീഡനം 
KERALA

'ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം'; കൊല്ലത്ത് നവവധുവിന് ഭർത്താവിൻ്റെ ക്രൂര പീഡനം

ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതാമ്മ എന്നിവരാണ് പ്രതികൾ.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: നീണ്ടകരയിൽ സ്ത്രീധനത്തെച്ചൊല്ലി നവവധുവിന് ക്രൂര മർദനം. വിദേശത്ത് വച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ സൗദിയിലെ വീട്ടിൽവച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതി.

യുവതിയുടെ പരാതിയിൽ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം പോരെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. കാണാൻ കൊള്ളില്ലെന്നും പറഞ്ഞ് മർദിക്കുമായിരുന്നുവെന്നും യുവതി ആരോപിച്ചു.

ജൂലൈ മാസത്തിലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ സ്ത്രീധനത്തിൻ്റെ പേരിൽ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് നന്ദു ജോലിസ്ഥലത്തേക്ക് മടങ്ങി. തുടർന്ന് യുവതിയെയും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അവിടെവച്ചും ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT