KERALA

'കൊച്ചിയില്‍ ബീഫ് വില്‍ക്കുന്നേ...', പരാതിയുമായി ഉത്തരേന്ത്യക്കാരന്‍; ലേശം ബീഫും പൊറോട്ടയും എടുക്കട്ടേയെന്ന് മലയാളികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചിയിലെ തട്ടുകടയില്‍ ബീഫ് വില്‍ക്കുന്നതിനെതിരേ പോസ്റ്റ് പങ്കുവച്ച് ഉത്തരേന്ത്യക്കാരന്‍. സഞ്ജയ് ശര്‍മ എന്ന യുവാവാണ് പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. പിന്നാലെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി മലയാളികള്‍ കൂട്ടത്തോടെ എത്തി.

കേരളത്തിലെ കൊച്ചിയില്‍ കണ്ട കാഴ്ച തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും വഴിയോരഭക്ഷണ ശാലയില്‍ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വില്‍ക്കുകയാണ് എന്നുമാണ് യുവാവ് പോസ്റ്റില്‍ പറഞ്ഞത്. കൊച്ചിയിലെ എസ്ആര്‍ ടീ ഷോപ്പ് എന്ന കടയുടെ മുന്നിലെ വിഭവങ്ങളുടെ ലിസ്റ്റും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യത്തില്‍ ഊന്നിയ രാജ്യത്ത് നമ്മുടെ തെരുവുകളില്‍ ഇത്തരം കാഴ്ച കാണുന്നത് വേദനാജനകമാണ്. നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ശ്രദ്ധിക്കണം എന്നുമാണ് ഇയാള്‍ പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് വൈറലായതോടെ പ്രതികരണങ്ങളുമായി മലയാളികള്‍ തന്നെ രംഗത്തെത്തി. ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. മോദി പ്രധാനമന്ത്രിയായിരിക്കുന്ന ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ്. ഈ കയറ്റുമതിയില്‍ വലിയൊരു പങ്കും യോഗിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് എന്നാണ് കമന്റുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫെയില്‍ ബീഫ് വിളമ്പുന്നതിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്‌ലോഗര്‍ അമൃത് സിങ് ഡാരനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ മറ്റൊരു പോസ്റ്റും വൈറലായത്.

SCROLL FOR NEXT