രാജന്‍ ഗുരുക്കള്‍ Source: X
KERALA

ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് രാജ്യവ്യാപക അംഗീകാരമുണ്ട്; യുജിസി നിയമം പാസാക്കിയ കാര്യം കേരള സർവകലാശാലയ്ക്ക് അറിയില്ലേ: രാജന്‍ ഗുരുക്കള്‍

കേരള സർവകലാശാല ഓപ്പൺ കോഴ്സുകൾ അംഗീകരിക്കാത്തത് ചട്ടങ്ങളുടെ അജ്ഞത മൂലമാണെന്ന് രാജന്‍ ഗുരുക്കള്‍ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി രാജൻ ഗുരുക്കൾ. ഓപ്പൺ സർവകലാശാല കോഴ്സുകൾ രാജ്യവ്യാപക അംഗീകാരമുള്ളവയാണ്. കേരള സർവകലാശാല ഓപ്പൺ കോഴ്സുകൾ അംഗീകരിക്കാത്തത് ചട്ടങ്ങളുടെ അജ്ഞത മൂലമാണെന്ന് രാജന്‍ ഗുരുക്കള്‍ ആരോപിച്ചു.

യുജിസി നിയമം പാസാക്കിയ കാര്യം കേരള സർവകലാശാലയ്ക്ക് അറിയില്ലേ? ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഹാൻഡ് ബുക്ക് ഇറക്കിയിട്ട് നാലുവർഷം പിന്നിടുന്നു. ഈ ഹാൻഡ് ബുക്ക് നിർബന്ധമായും പാലിക്കണമെന്ന് ഗവർണർ നേരിട്ട് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

കേരള സർവകലാശാലയിൽ അംഗങ്ങൾ തന്നെ അധികാരി ആകുന്ന സ്ഥിതിയാണ്. അധികൃതർ ചട്ടവിരുദ്ധമായി പെരുമാറുന്നു. വിദ്യാർഥികളോടുള്ള അനീതിയാണിത്. ഇത്തരം വിഷയങ്ങളിൽ വൈസ് ചാൻസലർക്ക് നേരിട്ട് തീരുമാനം സ്വീകരിക്കാമെന്നും രാജൻ ഗുരുക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. എംജി സർവകലാശാല മുൻ വിസിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനുമാണ് രാജൻ ഗുരുക്കൾ.

കേരള സർവകലാശാലയുടെ നടപടി കോടതി വിധികൾക്കെതിരാണെന്ന് ആരോപിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. വി.പി. ജഗദിരാജും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേരള സർവകലാശാല വിസിക്ക് കത്തയച്ചിട്ടുണ്ടെന്നും ഉടൻ ഉത്തരവിറക്കാമെന്ന് വിസി ഉറപ്പ് നൽകിയെന്നും വിസി ഡോ. വി.പി. ജഗദിരാജ് പറഞ്ഞു.

ചില യൂണിവേഴ്സിറ്റികൾ ഓപ്പൺ സർവകലാശാലയുടെ പിജി പഠിച്ചിറങ്ങിയ കുട്ടികളിൽ നിന്നും ഇക്ക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് വിസി കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. യുജിസിയുടെ മേൽ സൂചിപ്പിച്ച റെഗുലേഷൻ കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യുജിസി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും വിസി അറിയിച്ചു.

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല അംഗീകരിക്കാത്തത് മൂലം നിരവധി വിദ്യാർഥികളും പ്രതിസന്ധിയിലാണ്. ബിഎഡ് പ്രവേശനത്തിനായി കേരള സർവകലാശാല അധികൃതർ യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി കൊല്ലം സ്വദേശിനി എസ്. ദർശന രംഗത്തെത്തിയിരുന്നു . പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഈ വിദ്യാർഥിനി. ഈ വാർത്ത വന്നതിനു പിന്നാലെയാണ് ഇക്വാലന്‍സി സംബന്ധിച്ച ചർച്ചകള്‍ സജീവമായത്.

SCROLL FOR NEXT