KERALA

പതിനായിരത്തിലധികം ബൊമ്മകൾ, 110 വർഷം പഴക്കമുള്ള വിഗ്രഹങ്ങൾ; നവരാത്രിക്കാലത്ത് അപൂർവ കാഴ്ചയൊരുക്കി 'ശക്തികൃപ'

ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ മുതൽ മഹത്‌വ്യക്തികളുടെ രൂപങ്ങൾ വരെ നീളുന്ന ഈ അപൂർവ ശേഖരം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:നാടെങ്ങും നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. ഈ ആഘോഷരാവുകളിൽ അനന്തപുരിക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കുകയാണ് തിരുവനന്തപുരം പേട്ട കവറടിയിലെ 'ശക്തികൃപ' എന്ന വീട്. 110 വർഷത്തോളം പഴക്കമുള്ള വിഗ്രഹങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം ബൊമ്മകളാണ് ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ മുതൽ മഹത്‌വ്യക്തികളുടെ രൂപങ്ങൾ വരെ നീളുന്ന ഈ അപൂർവ ശേഖരം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

തട്ടുകളിലായി മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഈ ബൊമ്മഗൊലു ഏതെങ്കിലും ക്ഷേത്രത്തിലേതല്ല. ഒരു വീടിന്റെ അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്ന അപൂർവ വിഗ്രഹശേഖരമാണിത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ബൊമ്മഗൊലു ശേഖരങ്ങളിലൊന്നാണിത്.

കുട്ടിക്കാലത്ത് വിഷുക്കൈനീട്ടമായി ലഭിച്ച നാണയത്തുട്ടുകളിൽ നിന്നാണ് പേട്ട കവറടി സ്വദേശി കുട്ടു വീരഷൈവയുടെ ബൊമ്മഗൊലു ശേഖരണത്തിന്റെ തുടക്കം. മുത്തശ്ശി ബൊമ്മകൾ ശേഖരിക്കുന്നത് കണ്ടാണ് കുട്ടുവിനും ഈ കലാരൂപത്തോട് താൽപര്യം തോന്നിയത്. മുത്തശ്ശിയുടെ വിയോഗശേഷം പതിനൊന്നാം വയസ്സുമുതൽ സ്വന്തമായി ബൊമ്മഗൊലു ഒരുക്കാൻ തുടങ്ങി.

സ്കൂൾ പഠനകാലത്ത് കരകൗശല വസ്തുക്കൾ നിർമിച്ച് വിറ്റുകിട്ടിയ പണവും പിന്നീട് ക്ഷേത്രത്തിലെ ശാന്തിക്കാരനായ ശേഷമുള്ള വരുമാനവുമെല്ലാം ശേഖരം വിപുലമാക്കാൻ സഹായിച്ചു. ഇന്ന് വീടിന്റെ ഒന്നും രണ്ടും നിലകളിലായി ഒരുക്കിയിരിക്കുന്ന വർണക്കാഴ്ച കാണാൻ നവരാത്രി ദിനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നവരാത്രി നാളുകളിൽ സർവദേവീദേവന്മാരും ഭൂമിയിലേക്ക് എഴുന്നള്ളുന്നു എന്ന സങ്കൽപ്പമാണ് ബൊമ്മഗൊലുവിന് പിന്നിൽ. പടികളിലായി ക്രമീകരിക്കുന്ന വിഗ്രഹങ്ങൾ ജീവജാലങ്ങളുടെ വികാസത്തെയും മനുഷ്യന്റെ ആത്മീയ വളർച്ചയെയുമാണ് പ്രതീകവത്കരിക്കുന്നത്.

ജീവനില്ലാത്ത വസ്തുക്കളിൽ തുടങ്ങി മഹത്‌വ്യക്തികളിലൂടെയും ഒടുവിൽ പരബ്രഹ്മസ്വരൂപങ്ങളായ ദേവീദേവന്മാരിലേക്കും എത്തുന്ന രീതിയിലാണ് പരമ്പരാഗതമായി ബൊമ്മഗൊലു ക്രമീകരിക്കുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിഗ്രഹങ്ങളും വ്യത്യസ്ത രൂപങ്ങളിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹങ്ങളും ശേഖരത്തിന്റെ പ്രത്യേകതയാണ്.

ന്യൂസ് പേപ്പർ ഉപയോഗിച്ച് നടരാജഭാവത്തിൽ ഒരുക്കിയ ദേവിയുടെ 'ആനന്ദ കോലാട്ടം' ആണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, സ്വാമി വിവേകാനന്ദൻ, മദർ തെരേസ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം, തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിത, എം.ജി.ആർ തുടങ്ങിയ പ്രമുഖരുടെ രൂപങ്ങളും ശേഖരത്തിലുണ്ട്.

വൈകുണ്ഠം, ശ്രീചക്രപീഠം തുടങ്ങി 23 വ്യത്യസ്ത പ്രമേയങ്ങളിലായാണ് ഇത്തവണ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗവും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

2008-ൽ ആരംഭിച്ച ബൊമ്മഗൊലു പ്രദർശനം വർഷംതോറും കൂടുതൽ ശ്രദ്ധ നേടുകയാണ്. ഇത്തവണ പ്രദർശനം തുടങ്ങി ആദ്യ അഞ്ചു ദിവസത്തിനുള്ളിൽത്തന്നെ ഏഴായിരത്തിലധികം പേർ ഇവിടെയെത്തിയെന്നാണ് സംഘാടകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ റീലുകൾ ചിത്രീകരിക്കാനെത്തുന്നവരും കുടുംബസമേതം കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരും ഒരുപോലെ ഈ വിസ്മയലോകത്തിന്റെ ഭാഗമാകുന്നു. പാരമ്പര്യവും കലയും ഭക്തിയും ഒത്തുചേരുന്ന 'ശക്തികൃപ'യിലെ ബൊമ്മഗൊലു, അനന്തപുരിയുടെ നവരാത്രി ആഘോഷങ്ങൾക്ക് വേറിട്ട നിറം പകരുകയാണ്.

SCROLL FOR NEXT