കോഴിക്കോട്: പി. വി. അൻവർ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് കെസിപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ന്യൂസ് മലയാളം വാർത്ത ശരിവച്ച സണ്ണി ജോസഫ് അൻവർ എംഎൽഎ ആകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം പ്രചാരണത്തിൻ്റെ ഭാഗമായി ചാലിയം പോർട്ടിൽ മത്സ്യ തൊഴിലാളികളുമായി അൻവർ ആശയവിനിമയം നടത്തിയിരുന്നു.
ബേപ്പൂരിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനം യുഡിഎഫ് എടുത്തതായി നേരത്തേ തന്നെ ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്ന് മുന്നണിയിൽ വിലയിരുത്തൽ ഉണ്ടെന്നാണ് രിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ബേപ്പൂരിൽ മത്സരിക്കാൻ തയ്യറാണെന്ന് അൻവർ നേരത്തെ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.
മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പി.വി. അൻവർ മുമ്പ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ബേപ്പൂരിൽ അൻവർ തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ബേപ്പൂരിൽ പലയിടങ്ങളിലായി അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.