പാലക്കാട്: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ഇന്ത്യൻ മതേതരത്വത്തിന് ആഴത്തിലുള്ള മുറിവേറ്റെന്ന് പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. സ്വഭാവിക മുറിവല്ല, കരുതികൂട്ടി ഉണ്ടാക്കിയ മുറിവാണിത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ല. ഭാരതാംബയുടെ ആത്മാവിൻ്റെ വക്താക്കൾ എന്ന് പറയുന്നവരാണ് ഇന്ത്യയുടെ ആത്മാവിനെ കുത്തി മുറിവേൽപ്പിക്കുന്നതെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
നമ്മുടെ പള്ളികളിലും, വീടുകളിലും കയറിയിറങ്ങുന്ന ചില രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുമെന്ന് വിചാരിക്കുന്നവർ, ധൃതരാഷ്ട്രലിംഗനം നടത്തുന്നവർ. പള്ളികളിൽ കയറി കൈകൂപ്പി നൽകും, തിരുമുടി ചാർത്തുന്ന ചില വ്യക്തിത്വങ്ങൾ ഉണ്ട്. അവരെ തിരിച്ചറിയുന്ന സമയമാണിത്. മനുഷ്യ കടത്താണോ , മനുഷ്യ കുരുതിയാണോ പ്രശ്നം. എത്ര മനുഷ്യരെയാണ് കൊന്ന് തള്ളുന്നത്. ഏത് വകുപ്പും ചുമത്താൻ പറ്റിയ നിലയിലുള്ള ഉദ്യോഗസ്ഥതലത്തിൽ ഉണ്ടെങ്കിൽ നമ്മുടെ സുരക്ഷ എവിടെയാണെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ചോദിച്ചു.
കന്യാസ്ത്രീകൾ ചെയ്ത തെറ്റ് എന്താണ്? മനപൂർവം ജാമ്യം കിട്ടാൻ പാടുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടിച്ചു. നിയമ വാഴ്ച്ച നടത്തേണ്ടയിടത്ത് , അധികാര വാഴ്ച്ച നടത്തുകയാണ്. ആധുനികതയിൽ നിന്നും , പ്രാകൃതയിലേക്കാണ് ഇന്ത്യ പോകുന്നത്. പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കണമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.