ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സഭാ നേതൃത്വം. ആശങ്കകൾ പങ്കുവെക്കുമ്പോൾ അനുഭാവപൂർവം കേൾക്കുന്ന പ്രധാനമന്ത്രി പ്രവൃത്തിയിൽ അത് കാണിക്കുന്നില്ലെന്ന് കത്തോലിക്ക ക്ലിമിസ് ബാവയുടെ വിമർശനം. ആശങ്കകൾ പങ്കുവെക്കുമ്പോൾ മാന്യമായ രീതിയിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്. പക്ഷേ ഇത് പ്രവർത്തിയിൽ വരുമ്പോൾ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളോട് ഉള്ള സഭാ നേതൃത്വത്തിന്റെ സൗഹൃദം സൂചിപ്പിച്ചായിരുന്നു ഈ പ്രതികരണം.
നമ്മളോട് സ്നേഹമുണ്ടെന്ന് പറയുകയും അത് പ്രവർത്തിയിൽ വരാതിരിക്കുകയും ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടാകും. എന്തിനാണ് പ്രതിഷേധിക്കുന്നത് അടുത്ത തവണ ഡൽഹിയിൽ പോയി ഒരു വിരുന്നുകൂടി കഴിച്ചാൽ പോരെ എന്ന ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപന്റെ പരാമർശത്തിന് മറുപടി പറയാനും അദ്ദേഹം ശ്രദ്ധിച്ചു. ഭരണാധികാരികളോട് സംസാരിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതും കുറ്റകരമായ കാര്യമല്ലെന്നായിരുന്നു ക്ലീമിസ് ബാവയുടെ മറുപടി.
കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയെന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് മാർ പാംപ്ലാനി പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ്. രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. എന്നാൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നതായും പാംപ്ലാനി പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. കാസ പോലുള്ള സംഘടനകൾ ബിജെപിയുമായുള്ള ബന്ധത്തിൽ പുനർവിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുന്നുണ്ട്. കേസിൽ നിന്ന് കന്യാസ്ത്രീകൾ പൂർണമായും മോചിതരാകും വരെ സഭ തൃപ്തരല്ലെന്നും പാംബ്ലാനി പറഞ്ഞു.
സംഘപരിവാറിന്റേത് ഇരട്ടത്താപ്പാണെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചു. ഇവിടെ മധുരം വിളമ്പുമ്പോൾ വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് കയ്പ്പാണ് കൊടുക്കുന്നത്. ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തിൽ സ്വർണാഭരണങ്ങൾ ചാർത്തുമ്പോൾ, വടക്കേ ഇന്ത്യയിൽ ആ രൂപങ്ങളൊക്കെ തല്ലി തകർക്കുന്നു. എല്ലാ ന്യൂനപക്ഷങ്ങളും ഈ ഭീഷണി നേരിടുന്നു. എല്ലാ മതേതര വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയ്ക്കുനേരെയുള്ള കയ്യേറ്റമാണ് നടന്നതെന്ന് റാഫേൽ തട്ടിൽ പ്രതികരിച്ചു, സിസ്റ്റർമാർക്കെതിരെ കേസെടുത്തതിൽ ഗൂഢാലോചനയെന്നും കൂടുതൽ വകുപ്പുകൾ ചേർത്തതായും സി ബി സി ഐ വ്യക്തമാക്കി.ബോധപൂർവം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ആർച്ച് ബിഷപ് അനിൽ കുട്ടോ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ ഭയം ഒഴിവാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സിഎസ്ഐ ബിഷപ്പ് മലയിൽ സാബു കോശി പറഞ്ഞു.കേന്ദ്രസർക്കാർ ക്ഷണിക്കുന്ന വേദിയിൽ പ്രതിഷേധം അറിയിക്കേണ്ട സാഹചര്യം ഉണ്ടായാൽ പ്രതിഷേധിക്കുമെന്നാണ് ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ്റെ പ്രതികരണം.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഇന്ന് ജാമ്യാപേക്ഷ നൽകാനായില്ല. മതപരിവർത്തന ആരോപണം കള്ളക്കഥയാണെന്ന് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരങ്ങൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലോക്സഭാനടപടികൾ നിർത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് കേരള എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് എംപിമാർ പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധിച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കെ. സി വേണുഗോപാൽ അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഭരണപ്രതിപക്ഷ ഭേദമെന്യേ നിരവധി നേതാക്കൾ ഈ വിഷയത്തിൽ ഇടപെട്ട് കേന്ദ്രത്തിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.