പാലക്കാട്: 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവുശിക്ഷ. 60,000 രൂപ പിഴയും പോക്സോ കേസ് പ്രതി നൽകണം. കർണാടക സ്വദേശി മനു മാലിക്കിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
2023ല്‍ പാലക്കാട് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലാണ് കർണാടക സ്വദേശി 43 വയസുകാരൻ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ദിനേശൻ പിള്ളയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവിട്ടു. ഡിവൈഎസ്‍പി വി.എം. കൃഷ്ണദാസ്, ഇൻസ്‌പെക്ടർ ടി. ശശികുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സന്ദീപ് ഹാജരായി. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും പട്ടാമ്പി പോക്സോ കോടതിയിലെ ലൈയ്സൺ ഓഫീസറും ആയ എസ് മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 24സാക്ഷികളെയും 37രേഖകളും ഹാജരാക്കി.