തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാല മോഷണ കേസില്‍ ബിന്ദു നിരപരാധിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. മാല മോഷ്ടിച്ചതല്ലെന്നും വീട്ടുടമ ഓമന ഡാനിയലിന്റെ വീട്ടില്‍ നിന്നു തന്നെ മാല കിട്ടിയെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.
പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. പേരൂർക്കടയിലെ ഓമന ഡാനിയലിന്റെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കി പൊലീസ് ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. ഓർമ പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നു. ഇത് ഇവർ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ചവറുകൂനയില്‍ നിന്നാണ് മാല കണ്ടെത്തിയത് എന്നത് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചത് മറയ്ക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണെന്നാണ് കണ്ടെത്തല്‍.
2025 ഏപ്രിൽ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു കോൾ. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ചീത്ത വിളിക്കുകയായിരുന്നു.
പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ നൽകാതെ പൊലീസ് 20 മണിക്കൂറോളം ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചു. കുടുംബത്തെ വിവരം അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നീട് മാല കിട്ടിയെന്ന വിവരം പോലും ബിന്ദുവിനെ അറിയിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ എസ്‌സി എസ്ടി കമ്മീഷന്‍ ഓമന ഡാനിയലിന് എതിരെ കേസും എടുത്തിരുന്നു.