കോഴിക്കോട്: സിപിഐഎം പോളിറ്റ് ബ്യൂറോയിൽ ഒരു ഫോട്ടോഗ്രാഫറുണ്ട്. അദ്ദേഹത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളിലധികവും ഇടമില്ലാത്ത മനുഷ്യരുടേതാണ്. അപൂർണമായ ആ ചിത്രങ്ങൾ, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം പറയുമ്പോൾ, കൂടെ രാഷ്ട്രീയവും സംസാരിക്കുന്നു. ആ ഫോട്ടോഗ്രാഫർ ആരാണെന്നല്ലേ ? ഡോക്ടർ വിജൂ കൃഷ്ണൻ.
കർഷക പ്രക്ഷോഭ കാലത്ത് ഒരുപാട് കേട്ട പേരുകളിലൊന്നാണ് വിജൂ കൃഷ്ണന്‍റേത്. എന്നാൽ ഇന്ന് കർഷക നേതാവ് എന്നതിനപ്പുറം വിജു കൃഷ്ണൻ അറിയപ്പെടുന്നത് ഫോട്ടോഗ്രാഫർ എന്ന നിലയിലാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ കർഷകരെ സംഘടിപ്പിക്കാൻ സഞ്ചരിച്ച അദ്ദേഹം, തന്‍റെ ക്യാമറയില്‍ ചില ചിത്രങ്ങള്‍ പകർത്തി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലോ, കാറിലോ നിന്നെടുത്ത പുറംകാഴ്ചകൾ ആയതുകൊണ്ട് പലതും അപൂർണവുമാണ്. വിജൂ കൃഷ്ണൻ്റെ ഫോട്ടോഗ്രാഫുകളുടെ പ്രദർശനം, കോഴിക്കോട് ആർട്ട് ഗാലറിയിൽ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.
കുട്ടിക്കാലത്ത് മെർച്ചന്റ് നേവിയിലുണ്ടായിരുന്ന അമ്മാവനാണ് വിജു കൃഷ്ണന് ആദ്യമായി ഒരു കാമറ സമ്മാനിച്ചത്. പില്‍ക്കാലത്ത് അനുജത്തിയും സഖാക്കളും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ക്യാമറ സമ്മാനിച്ചു. ഈ ക്യാമറയുമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതോടൊപ്പം അവരെ പകർത്തുകയും ചെയ്തു.
ദരിദ്രരുടെയും, കുടിയറക്കപ്പെട്ടവരുടെയും, കർഷകരുടെയും ചിത്രങ്ങൾ വിജൂ കൃഷ്ണൻ ക്യാമറയിൽ ഒപ്പിയെടുത്തു. കിസാൻ ലോങ്ങ് മാർച്ചില്‍ നിന്നും പകർത്തിയ ഫോട്ടോഗ്രാഫുകൾ സമരാവേശം പകരുന്നവയായി. പ്രകൃതിയും, പക്ഷികളും, നിർമിതികളുമെല്ലാം പ്രദർശനത്തില്‍ ഇടംനേടി. പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ചിലത് ഹൃദയഭേദകമായിരുന്നു.
ഒരു ഫോട്ടാഗ്രാഫില്‍ അത് പകർത്തുന്ന നിമിഷത്തിലെ മാനുഷികത ഉണ്ടാകണം എന്ന് പറഞ്ഞത് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ റോബർട്ട് ഫ്രാങ്ക് ആയിരുന്നു. വിജൂ കൃഷ്ണൻ പകർത്തിയ അപൂർണമായ ചില ഫോട്ടോഗ്രാഫുകൾ അത് കാണിച്ചുതരുകയും ചെയ്യുന്നു.