തിരുവനന്തപുരം: കൗമാര കലാമേളയെ വിജയമാക്കി തീർത്തവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാകിരീടം ചൂടിയ കണ്ണൂരിനും, കലോത്സവം വമ്പിച്ച വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ചവർക്കും അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തൃശൂരിൽ അരങ്ങേറിയ അറുപത്തിനാലാമത് സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടെ പതിനായിരക്കണക്കിന് പ്രതിഭകൾ അണിനിരന്ന മഹാമേളക്കാണ് അന്ത്യമായിരിക്കുന്നത്. സാംസ്‌കാരിക തലസ്ഥാനമെന്ന പേരിനെ അന്വർത്ഥമാക്കി തൃശൂർ ജനത ഒന്നടങ്കം കലോത്സവത്തെ ആവേശോജ്ജ്വലമാക്കാൻ വേദികളിലേക്ക് ഒഴുകിയെത്തി.
മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. കേരളത്തിന്റെ യശസ്സുയർത്തുന്ന ധാരാളം നേട്ടങ്ങളുമായി മികവിന്റെ ലോകത്ത് ഇനിയും മുന്നേറാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാകിരീടം ചൂടിയ കണ്ണൂർ ജില്ലയ്ക്ക് അഭിനന്ദനങ്ങൾ. തൊട്ടുപുറകിലെത്തിയ ആതിഥേയരായ തൃശൂരിനെയും കോഴിക്കോടിനെയും അനുമോദിക്കുന്നു. കലോത്സവം വമ്പിച്ച വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.