KERALA

ആരോഗ്യമന്ത്രി ശ്രമിക്കുന്നത് സർക്കാരിൻ്റെ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ, പരസ്യമായി മാപ്പ് പറയണം: പിണറായി

"അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിപാ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന വിവാദത്തിൽ ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യമേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സർക്കാരിനുണ്ടായ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ പരിഭ്രാന്തി പടർത്തുകയാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം പച്ച കള്ളമാണെന്നും 2023–25 കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരിച്ച 6 പേരിൽ ഒരാൾ പോലും മെഡിക്കൽ കോളേജിൽ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറ‍ഞ്ഞു.

എസ്എംഎ വിഷയത്തിലടക്കം സർക്കാരിനുണ്ടായ ഗുരുതരമായ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നു. അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്. മന്ത്രിയുടെ വാക്കുകൾ സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തെയും ജീവത്യാഗത്തെയും അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്നും സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാനാണോ മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ലോകമാകെ അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ആകെ തകർക്കുന്ന ഗുരുതരമായ നീക്കമാണ് മന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. സ്വന്തം ഭരണ പാളിച്ചകൾ മൂടിവെക്കാൻ ലോകം അംഗീകരിച്ച നമ്മുടെ അതിജീവന ചരിത്രത്തെ അവഹേളിക്കുകയും ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുകയും ചെയ്യുന്ന ഈ ശൈലി കേരളം അംഗീകരിക്കില്ല. ജനങ്ങളിൽ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

നിപ പ്രതിരോധത്തിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാനാണ് ശ്രമം നടത്തുന്നത്. 2025 സെപ്റ്റംബർ വരെ മരുന്നിനു കാലാവധി ഉണ്ടായിരുന്നു‌. നിപ രോഗം അതിജീവിച്ചവർക്കും പിന്നീട് റെംഡെസിവിർ നൽകിയിട്ടില്ലെന്നും കെ.കെ. ശൈലജ പറ‍ഞ്ഞു.

SCROLL FOR NEXT