പിണറായി വിജയൻ Source: Files
KERALA

പ്രതിപക്ഷനിരയെ പിണറായി വിജയൻ നയിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ

യുഡിഎഫിനെ നേരിടാൻ പിണറായി വിജയൻ വേണമെന്ന് കമ്മിറ്റിയിൽ പൊതുവികാരം

Author : ന്യൂസ് ഡെസ്ക്, ace

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് അന്തിമ തീരുമാനം വന്നത്. സെക്രട്ടറിയേറ്ററിലും പിണറായിയുടെ പേര് തന്നെയാണ് ഉയർന്ന് വന്നത്. പിണറായി വിജയനെ ഏകകണ്ഠമായാണ് തെരഞ്ഞടുത്തതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയൻ, എ. വിജയരാഘവൻ, എം.എ. ബേബി തുടങ്ങിയ പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്ള യോഗത്തിലാണ് തീരുമാനം കൈകൊണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രതിപക്ഷനേതാവിനെ സംസ്ഥാന നേതൃത്വം തന്നെ തീരുമാനിക്കട്ടെയെന്ന ധാരണയാണ് ഉണ്ടായതെന്നാണ് വിവരം. മുഖ്യമന്ത്രി ചർച്ചകൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവിനെ പിന്നീട് പ്രഖ്യാപിക്കാൻ മാറ്റിവച്ചത്.

ഒടുവിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ച ദിവസം തന്നെയാണ് പിണറായി വിജയനെ പ്രതിപക്ഷ ക്യാപ്റ്റനായി പാർട്ടി തെരഞ്ഞെടുത്തത്. എൽഡിഎഫിനെ നയിക്കാൻ പിണറായി വിജയൻ വേണമെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടതായാണ് വിവരം.

വൻ വിജയം നേടി യുഡിഎഫ് നിയമസഭയിലെത്തുമ്പോൾ നേരിടാൻ ശക്തനായ നേതാവിനെ തന്നെ വേണം. ആ നിലയ്ക്കും പാർട്ടിയെ നീണ്ടകാലം നയിച്ച നേതാവ് വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. ശൈലി മാറ്റണമെന്ന വിമർശനം ഉയർന്നതോടെ പിണറായി പിന്നോട്ട് പോയിരുന്നു. പകരം കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

SCROLL FOR NEXT