തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി.
"ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല" മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തള്ളി. സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ല. സിപിഐ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. സിപിഐഎമ്മിന് സിപിഐയുമായി നല്ല ഊഷ്മള ബന്ധമാണ് ഉള്ളത്. സിപിഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.