KERALA

"ജനങ്ങൾ അർപ്പിച്ച വിശ്വാസം ഉയർത്തിപ്പിടിക്കുക"; വിജയ്‌ക്ക് അഭിനന്ദനവുമായി പിണറായി വിജയൻ

തമിഴ്നാട്ടിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു എന്നും പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം അംഗം പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്തമാണ്. തമിഴ്നാട്ടിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു എന്നും പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു.

കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരുസംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു എന്നും പിണറായി വിജയൻ കുറിച്ചു.

ഇന്ന് രാവിലെ ചെ​ന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്‌ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ചുമതലയേറ്റിരുന്നു.

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ  ആദ്യ ഉത്തരവും വിജയ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്, ലഹരി ഉപയോഗം തടയാൻ പ്രത്യേക ഫോഴ്സ്, 200 യൂണിറ്റ് സൌജന്യ വൈദ്യുതി എന്നീ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ഉത്തരവാണ് മുഖ്യമന്ത്രി വിജയ് പുറത്തിറക്കിയത്.

SCROLL FOR NEXT