കാസർഗോഡ്: കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ഉത്തർപ്രദേശ് മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വീട് നഷ്ടമായവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാം നേരത്തെ അറിയിച്ചുകൊണ്ട്, അർഹരായവർക്ക് താമസ സ്ഥലം ഉറപ്പാക്കും എന്ന് അറിയിച്ചുകൊണ്ടാണ് കെട്ടിടങ്ങൾ പൊളിച്ചതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കുമെന്നും അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. യുപിയിലേത് പോലെ ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രമല്ല. എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും കർണാടകയിൽ ഒഴിപ്പിച്ചിട്ടുണ്ടെന്ന വിചിത്ര ന്യായീകരണവും പി.കെ. കുഞ്ഞാലിക്കുട്ടി നൽകി.