പി.കെ. ശശി, പി.എം. ആർഷോ NEWS MALAYALAm 24x7
KERALA

"അങ്ങാടിയില്‍ അര ട്രൗസറിട്ട് നടന്ന കാലത്ത് ബിലാല്‍ ഒന്നുമല്ലായിരുന്നു; മേരി ടീച്ചര്‍ക്ക് വേറെയും മക്കളുണ്ട്": പി.കെ. ശശിക്കെതിരെ ആര്‍ഷോ

"നേരെ നില്‍ക്കാന്‍ പ്രാപ്തനായതിനു ശേഷം ബിലാല് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞു വിട്ടാല്‍ പൊന്നുമോനെ ബിലാലെ ഒരു കാര്യം പറയാം...

Author : ന്യൂസ് ഡെസ്ക്

മണ്ണാര്‍ക്കാട് 'ബിഗ് ബി' പോര്. ബിഗ് ബി സിനിമാ ഡയലോഗ് ഉപയോഗിച്ച് പരസ്പരം മറുപടി പറയുകയാണ് പി.കെ. ശശിയും സിപിഐഎമ്മും. യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ. ശശി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മുഖ്യാതിഥിയായി എത്തിയ ശശി സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ ആണെന്നായിരുന്നു ശശിയുടെ പ്രസംഗം. ഇതോടെ മറുപടിയുമായി ഡിവൈഎഫ്‌ഐയും എത്തി. ഏത് ബിലാല്‍ പറഞ്ഞാലും മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാടല്ലെന്നായിരുന്നു മറുപടി.

ഇതിനിടയില്‍ മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമേറുണ്ടായി. അറസ്റ്റിലായത് പി.കെ. ശശിയുടെ മുന്‍ ഡ്രൈവറായ പുല്ലശേരി സ്വദേശി അഷ്റഫ്. സിപിഐഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ പി.കെ. ശശി അനുകൂലിയായാണ് പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.

പടക്കം എറിഞ്ഞതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് സിപിഐഎമ്മിന്റെ പ്രതിഷേധ പ്രകടനവും നടന്നു. ഏരിയ സെക്രട്ടറി നാരായണന്‍ കുട്ടി, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ അടക്കമുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ശശി പറഞ്ഞ അതേ സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് നേതാക്കള്‍ ഇന്ന് ശശിക്ക് മറുപടി നല്‍കിയത്. "മണ്ണാര്‍ക്കാടിനെ കട്ടുമുടിച്ചവന്‍ മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് ഞങ്ങളുടെ നേരെ പോരിന് വന്നാല്‍ ഓര്‍ത്തു കളിച്ചോ ബിലാലേ," എന്നാണ് പ്രകടനത്തില്‍ ഉയര്‍ന്ന മുന്നറിയിപ്പ്. ബിലാലുമാരുടെ ചെരുപ്പുനക്കികള്‍ സിപിഐഎമ്മിനു നേരെ വന്നാല്‍ തച്ചുതകര്‍ക്കും സൂക്ഷിച്ചോയെന്നും മുദ്രാവാക്യം ഉയര്‍ന്നു.

മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടു പോയി തിന്നാനും കുടിക്കാനും കൊടുത്ത് നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കിയതു കൊണ്ടാണ് ബിലാല്‍ ബിലാലായത് എന്നായിരുന്നു ആര്‍ഷോയുടെ മറുപടി. അങ്ങാടിയില്‍ കൂടി അര ട്രൗസര്‍ ഇട്ട് നടന്ന കാലത്ത് ബിലാല്‍ ഒന്നുമല്ലായിരുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

"ഞങ്ങള്‍ ആകെ കാരയ്ക്കാമുറി ഷണ്മുഖനാണ്, ഞങ്ങള്‍ ആകെ ബിലാലാണ് എന്നാണ് ചില ഊച്ചാളി ചട്ടമ്പിമാരുടെ വിചാരം. പടക്കം ബഷീര്‍ മാത്രമാണെന്ന് ഇന്നലത്തോടെ മണ്ണാര്‍ക്കാട് ജനങ്ങള്‍ക്ക് ബോധ്യമായി. ഇനി ബിലാല്‍ ആണെങ്കില്‍ തന്നെ അങ്ങാടിയില്‍ കൂടി അരട്രൗസര്‍ ഇട്ട് നടന്ന കാലത്ത് ബിലാല്‍ ഒന്നുമല്ലായിരുന്നു. മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടുപോയി തിന്നാന്‍ കൊടുത്ത്, കുടിക്കാന്‍ കൊടുത്ത് നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കി. അങ്ങനെയാണ് ബിലാല് ബിലാല്‍ ആയത്. നേരെ നില്‍ക്കാന്‍ പ്രാപ്തനായതിനു ശേഷം ബിലാല് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞു വിട്ടാല്‍ പൊന്നുമോനെ ബിലാലെ ഒരു കാര്യം പറയാം, മേരി ടീച്ചര്‍ക്ക് കൊച്ചിയില്‍ വേറെയുമുണ്ട് മക്കള്‍. ആ മക്കള്‍ ഇറങ്ങി നിന്നാല്‍ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ല," പ്രതിഷേധ പ്രകടനത്തില്‍ ആര്‍ഷോയുടെ വാക്കുകള്‍.

SCROLL FOR NEXT