കോഴിക്കോട്: മുസ്ലീം ലീഗിനെതിരായ മന്ത്രി സജി ചെറിയാൻ്റെ പരാമർശത്തിൽ പ്രതികരണവുമായി പി.എം.എ സലാം. സജി ചെറിയാൻ്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പി.എം.എ സലാമിൻ്റെ പ്രസ്താവന. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ സിപിഐഎമ്മിൻ്റെ ലെവൽ തെറ്റി. എ.കെ. ബാലനിലേക്കും സജി ചെറിയാനിലേക്കും പാർട്ടി അധഃപതിച്ചെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്ലീം ലീഗിനെ പ്രകോപിപ്പിക്കുക എന്നതാണ് സിപിഐഎമ്മിൻ്റെ ലക്ഷ്യമെന്ന് പി.എം.എ സലാം പറയുന്നു. അതിന് ലീഗ് നിന്ന് കൊടുക്കില്ല. പേര് നോക്കി കാര്യങ്ങൾ നിശ്ചിക്കാൻ ആണ് സജി ചെറിയൻ പറയുന്നത്. പേര് നോക്കിയാണോ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന് ചോദിച്ച പി.എം.എ സലാം വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗാണെന്നും അഭിപ്രായപ്പെട്ടു.
"ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മുസ്ലീം ലീഗിന് തീവ്രത പോര എന്ന് പറഞ്ഞ് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. പിഡിപിഐയെ ആരാണ് കേരളത്തിൽ വളർത്തിയത്? എസ്ഡിപിഐയെയും പിഡിപിഐയും കേരളത്തിൽ വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് സിപിഐഎം മുസ്ലീം സ്ഥാനാർഥികളെ നിർത്തും. ബിജെപി പോലും പാർലമെന്റിലേക്ക് മത്സരിപ്പിച്ചത് മുസ്ലിം സ്ഥാനാർഥിയെ ആണ്," പി.എം.എ സലാം പറയുന്നു. മലപ്പുറത്ത് എട്ട് സീറ്റുകളിൽ മത്സരിപ്പിച്ചത് മാക്സിമം എന്തെന്നറിയാത്ത മുസ്ലീങ്ങളെയാണെന്നും പി.എം.എ സലാം പറഞ്ഞു.