KERALA

രക്തം ഛർദിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി, ആന്തരികാവയവത്തിൽ മുറിവ് സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ആന്തരികാവയവത്തിന് മുറിവേറ്റെന്നാണ് പരാതിയിൽ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മന്ദരത്തൂർ സ്വദേശിനി തങ്കമണിയുടെ മരണത്തിൽ , കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ ലാപ്റോസ്കോപിക് ഉപകരണംകൊണ്ട് കുടലിന് മുറിവുണ്ടായെന്നും, ഇത് അണുബാധയ്ക്ക് കാരണമായെന്നും കുടുംബത്തിൻ്റെ ആരോപണം.

സംഭവത്തിൽ ചികിത്സാ പിഴവ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ആന്തരികാവയവത്തിന് മുറിവേറ്റെന്നാണ് പരാതിയിൽ പറയുന്നത്. രക്തം ഛർദിച്ചതിനെ തുടർന്ന് തങ്കമണിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൻകുടലിനും മലാശയത്തിനും ഇടയിൽ മുറിവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതായും കുടുംബം വ്യക്തമാക്കി. ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തി.

അതിന് പിന്നാലെയാണ് തങ്കമണി മരിച്ചത്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെയായിരുന്നു ദാരുണാന്ത്യം. എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു.

SCROLL FOR NEXT